
ലഹരിമരുന്ന് വിതരണത്തിനുള്ള നീക്കം തകർത്ത് ദുബായ് പൊലീസ്. താമസസ്ഥലത്ത് കേന്ദ്രീകരിച്ച് ലഹരി കടത്ത് ശൃംഖല പ്രവർത്തിപ്പിച്ച രണ്ട് ഏഷ്യൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തിരുന്ന് പ്രവർത്തിക്കുന്ന ഒരു സംഘത്തലവന്റെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
ലഹരിമരുന്ന് വിതരണക്കാരെയും കടത്തുകാരെയും ലക്ഷ്യമിട്ടുള്ള പൊലീസിന്റെ ‘അവിരാമ പരിശ്രമങ്ങളുടെ’ ഫലമാണ് ഈ ഓപ്പറേഷൻ എന്ന് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ആന്റി-നാർക്കോട്ടിക്സ് ഡയറക്ടർ ബ്രി. ഖാലിദ് ബിൻ മുവൈസ പറഞ്ഞു. യുവാക്കളെ ലക്ഷ്യമിടുന്ന ലഹരിമരുന്ന് മാഫിയയുടെ പദ്ധതികളെ തടസ്സപ്പെടുത്താനും തകർക്കാനും പൊലീസ് നടത്തുന്ന പോരാട്ടത്തിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിമിനൽ സംഘം ഒരു വില്ലയിൽ നിന്ന് ലഹരിമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. പ്രതികളുടെ നീക്കങ്ങളും നിയമപാലകരെ കബളിപ്പിക്കാനുള്ള രീതികളും നിരീക്ഷിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സ് നിരീക്ഷണവും ഫീൽഡ് മോണിറ്ററിങ് സംയോജിപ്പിച്ച് വിപുലമായ അന്വേഷണം തുടങ്ങി. സംഘത്തിലെ ഒരാളെ കുടുക്കിലാക്കിയതായിരുന്നു ആദ്യ വഴിത്തിരിവ്. പിടിയിലായ ഇയാൾ ചോദ്യം ചെയ്യലിൽ തന്റെ പങ്കാളിയെ വെളിപ്പെടുത്തി. തുടർന്ന് നടത്തിയ രണ്ടാമത്തെ രഹസ്യ ഓപ്പറേഷനിലാണ് ലഹരിമരുന്ന് പായ്ക്ക് ചെയ്യുന്നതിനിടെ രണ്ടാമത്തെ പ്രതിയെ കയ്യോടെ പിടികൂടിയത്.
കെറ്റാമൈൻ, ക്രിസ്റ്റൽ മെത്ത്, മരിജുവാന, ഹാഷിഷ് ഓയിൽ, മറ്റ് രാസവസ്തുക്കൾ, ദ്രാവകങ്ങൾ എന്നിവയുൾപ്പെടെ 40 കിലോഗ്രാം നിരോധിത ലഹരിവസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. യുഎഇയിൽ ലഹരിമരുന്ന് കടത്താനും വിതരണം ചെയ്യാനും ലക്ഷ്യമിട്ട് വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന ഒരു സംഘത്തലവന്റെ കീഴിലാണ് പ്രതികൾ പ്രവർത്തിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.