ublnews.com

ലോകത്തിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ രാജ്യാന്തര വിമാനത്താവളമാകാൻ ദുബായ്

പത്തു വർഷത്തിനകം ലോകത്തിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ രാജ്യാന്തര വിമാനത്താവളങ്ങളാക്കി മാറ്റാനുള്ള പദ്ധതിയുമായി ദുബായ്. ദുബായ് ഇന്റർനാഷനൽ എയർപോർട്ട് (ഡിഎക്സ്ബി), ദുബായ് വേൾഡ് സെൻട്രൽ അൽമക്തൂം ഇന്റർനാഷനൽ എയർപോർട്ട് (ഡിഡബ്ല്യുസി) എന്നിവയെയാണ് നിശ്ചയദാർഢ്യക്കാർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും സ്വതന്ത്രമായി സഞ്ചരിക്കാവുന്ന വിധം നവീന സൗകര്യങ്ങളോടെ വികസിപ്പിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം ഭിന്നശേഷിക്കാരോടുള്ള ചിന്താഗതിയിലും പെരുമാറ്റത്തിലും മാറ്റമുണ്ടാകും. വിമാനത്താവള സേവനം എല്ലാവിഭാഗക്കാർക്കും പ്രയോജനപ്പെടുന്നെന്ന് ഉറപ്പാക്കുമെന്ന് ദുബായ് എയർപോർട്ടുകളുടെ സിഒഒ മാജിദ് അൽ ജോക്കർ പറഞ്ഞു. ആഗോള നിലവാരത്തിന് അനുസൃതമായിട്ടാകും ദുബായിലെ സേവനങ്ങൾ. എല്ലാ വിഭാഗം അതിഥികൾക്കും ലോകോത്തര യാത്രാനുഭവം നൽകുക എന്നതാണ് ലക്ഷ്യമെന്ന് മാജിദ് പറഞ്ഞു.

നിശ്ചയദാർഢ്യക്കാരുടെ ജീവിതം പ്രദർശിപ്പിക്കുന്ന ബോധവൽക്കരണ ക്യാംപെയ്നും നടത്തും. വ്യത്യസ്ത വൈകല്യമുള്ളവരോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നും ആശയവിനിമയം നടത്തേണ്ടതെന്നും കാണിക്കുന്ന ആറു ഹ്രസ്വ ചിത്രങ്ങളും പ്രദർശിപ്പിക്കും. ഇതുസംബന്ധിച്ച് ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകും. ഈ രംഗത്തെ വിദഗ്ധരാണ് പരിശീലനത്തിനു നേതൃത്വം നൽകുക.

യാത്രയ്ക്ക് തയാറെടുക്കാൻ സഹായിക്കുന്ന ഓൺലൈൻ വിഷ്വൽ ഗൈഡായ ട്രാവൽ പ്ലാനർ, എയർപോർട്ടിലെ ഓട്ടിസം സൗഹൃദ റൂട്ടിലേക്ക് പ്രവേശനം നൽകുന്ന സൺഫ്ലവർ ലാൻയാർഡ് തുടങ്ങി ഒട്ടേറെ സേവനങ്ങൾ ഇതിനോടകം എയർപോർട്ടുകളിൽ നൽകുന്നു. കൂടാതെ 2 മണിക്കൂർ സൗജന്യ പാർക്കിങ്, പ്രത്യേക ടാക്സികൾ, വീൽചെയർ സേവനങ്ങൾ, 520ലധികം ശ്രവണ ലൂപ്പുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ടെർമിനൽ 2ൽ ഇവർക്കായി പ്രത്യേക ട്രാവൽ ലൗഞ്ചും പ്രവർത്തിച്ചുവരുന്നു.

എമിറേറ്റ്സ്, ഫ്ലൈ ദുബായ്, ദുബായ് പൊലീസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിഐഎഫ്എ), ദുബായ് കസ്റ്റംസ്, ഡിനാറ്റ, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് (ഡിസിഎഎസ്), ദുബായ് ടാക്സി കമ്പനി (ഡിടിസി), ദുബായ് ഹെൽത്ത്, ദുബായ് ഡ്യൂട്ടി ഫ്രീ, സെർകോ എന്നിവ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top