
മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നിങ്ങളുടെ രാഷ്ട്രീയ പോരാട്ടത്തിനു കോടതിയെ വേദിയാക്കരുതെന്നും അതു വോട്ടർമാരുടെ മുൻപാകെ നടത്താനും നിർദേശിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്നു രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയത്. ഇക്കാര്യം നിരന്തരം ആവർത്തിക്കാറുള്ളതാണെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് ഓർമിപ്പിച്ചു.
പിണറായിയ്ക്കും മകൾ വീണയ്ക്കും അവരുടെ കമ്പനിക്കും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്ൽ ലിമിറ്റഡ് (സിഎംആർഎൽ) ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു മാത്യുവിന്റെ ആവശ്യം. വിജിലൻസ് അന്വേഷണ ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.