
സിന്തറ്റിക് ലഹരി മരുന്നുകൾ പുതിയ രൂപത്തിൽ രാജ്യത്തെ പ്രാദേശിക വിപണിയിലെത്തുന്നതായി ദുബായ് പ്രോസിക്യൂഷൻ. കൗമാരക്കാരും യുവാക്കളും സാധാരണയായി ഉപയോഗിക്കുന്ന എനർജി ഡ്രിങ്കുകൾ, കടലാസ് ഷീറ്റുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളിൽ ഒളിപ്പിച്ചാണ് മാരക വിഷാംശമുള്ള സിന്തറ്റിക് ഡ്രഗ്‌സുകൾ വിതരണം ചെയ്യുന്നതെന്നാണ് അധികൃതർ കണ്ടെത്തിയത്.
പ്രമുഖ ബ്രാൻഡുകളുടെ ലോഗോ പതിപ്പിച്ച വ്യാജ എനർജി ഡ്രിങ്കുകൾ, അതീവ വീര്യമുള്ള രാസവസ്തുക്കൾ കുതിർത്ത സാധാരണ കടലാസ് ഷീറ്റുകൾ എന്നിങ്ങനെ പുതിയ തരത്തിലാൺണ് നിലവിൽ സിന്തറ്റിക് ഡ്രഗ്‌സുകൾ നിർമിക്കപ്പെടുന്നതെന്ന് ദുബായ് ഡ്രഗ്‌സ് പ്രോസിക്യൂഷനിലെ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടർ അബ്ദുല്ല സാലിഹ് അൽ റൈസി പറഞ്ഞു.
ഈ വസ്തുക്കൾക്ക് നിറമോ, രുചിയോ, മണമോ ഉണ്ടാവില്ല. ഉപഭോക്താവ് അറിയാതെ പാനീയങ്ങളിൽ ഇവ കലർത്താൻ കഴിയും. ഇത് പെട്ടെന്ന് ബോധക്ഷയം ഉണ്ടാക്കുകയും ഇരകളെ പൂർണമായും അപകടാവസ്ഥയിലാക്കുകയും ചെയ്യും.
കൗമാരക്കാരെയും യുവാക്കളെയും ആകർഷിക്കാൻ ലഹരി മാഫിയ സാമൂഹിക മാധ്യമങ്ങളും സൗഹൃദ കൂട്ടായ്മകളും ഉപയോഗിക്കുന്നുണ്ടെന്നും അൽ റൈസി ചൂണ്ടിക്കാട്ടി.
യൂണിവേഴ്സിറ്റി വിദ്യാർഥിയായിരുന്ന, വിനയവും കഠിനാധ്വാനവും അക്കാദമിക് മികവുമുള്ള ഒരു യുവാവിന്റെ ദാരുണമായ അനുഭവം അദ്ദേഹം പങ്കുവച്ചു. വെറും തമാശയ്ക്ക് ലഹരി ഉപയോഗിക്കാൻ സുഹൃത്തുക്കൾ നിർബന്ധിച്ചു. ആ ഒരൊറ്റ പരീക്ഷണം അവന്റെ തകർച്ചയുടെ തുടക്കമായിരുന്നു. പഠനത്തിൽ ശ്രദ്ധ നഷ്ടപ്പെട്ടു, കുടുംബത്തിൽ നിന്ന് അകന്നു, ഒടുവിൽ അമിത അളവിലുള്ള ഉപയോഗം കാരണം മരിച്ചു. ഒരു തെറ്റായ തിരഞ്ഞെടുപ്പ്, ഒരു ഡോസ് പോലുംജീവിതം പൂർണമായും നശിപ്പിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ആകർഷകമായ പാക്കേജിങ്ങിലും ഉൽപ്പന്നങ്ങളിലും ഒളിപ്പിച്ച ലഹരികളാണ് ഇപ്പോൾ എത്തുന്നത്. ഇത്തരം അപകടങ്ങളിൽ നിന്ന് യുവതലമുറയെ സംരക്ഷിക്കാൻ കുടുംബങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവ സഹകരണം ശക്തിപ്പെടുത്തണമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അഭ്യർഥിച്ചു. കുട്ടികൾ എവിടെ പോകുന്നു, ആരുമായി സൗഹൃദം സ്ഥാപിക്കുന്നു, വീട്ടിലേക്ക് എന്ത് കൊണ്ടുവരുന്നു എന്നതിനെക്കുറിച്ച് മാതാപിതാക്കൾ ശ്രദ്ധിക്കണം.