
ഇസ്രായേൽ സൈന്യത്തിന്റെ കസ്റ്റഡിയിൽ തങ്ങൾ നേരിട്ട ക്രൂര അനുഭവങ്ങൾ തുറന്ന് പറഞ്ഞ് കൂടുതൽ ഫ്ലോട്ടില ആക്ടിവിസ്റ്റുകൾ രംഗത്ത്.
ഫലസ്തീനികൾക്ക് പ്രതീകാത്മക സഹായം നൽകാൻ പോയ ഫ്രീഡം ഫ്ലോട്ടില ബോട്ടുകളിലെ 450 ഓളം മനുഷ്യാവകാശ പ്രവർത്തകരെയാണ് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കുകയും ഒടുവിൽ നാടുകടത്തപ്പെടുകയും ചെയ്ത ആക്ടിവിസ്റ്റുകളാണ് ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകൾ വിവരിക്കുന്നത്.
വലിയ പീഡനമാണ് തങ്ങൾക്ക് ഏൽക്കേണ്ടിവന്നതെന്ന് റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോൾ ഇറ്റാലിയൻ ആക്ടിവിസ്റ്റ് സിസേർ ടോഫാനി പറഞ്ഞു.
‘ഞങ്ങള്‍ ടോയ്ലറ്റിലെ വെള്ളം കുടിച്ചെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റുമോ? ചിലയാളുകള്‍ രോഗികളായിരുന്നു, പക്ഷേ അവരെ നോക്കി അവര്‍ മരിച്ചോയെന്നായിരുന്നു ഇസ്രയേലികള്‍ ചോദിച്ചത്. അവര്‍ ക്രൂരന്മാരായ മനുഷ്യരാണ്’-എന്നാണ് മലേഷ്യൻ ഗായകരും അഭിനേതാക്കളുമായ ഹെലിസ ഹെൽമിയും ഹസ്വാനി ഹെൽമിയും പറഞ്ഞത്.
മിലാൻ മാൽപെൻസ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇറ്റലിയിലെ യൂനിയൻ ഓഫ് ഇസ്ലാമിക് കമ്മ്യൂണിറ്റീസ് പ്രസിഡന്റ് യാസിൻ ലാഫ്രമും ക്രൂരതകൾ വിവരിച്ചു. ‘അവർ ഞങ്ങളോട് ക്രൂരമായി പെരുമാറി. ഞങ്ങൾക്ക് നേരെ തോക്കുകൾ ചൂണ്ടി. നിലത്ത് വലിച്ചിഴച്ചു.’
ഒക്ടോബര്‍ ഒന്നിനാണ് അവസാനമായി ഭക്ഷണം കഴിച്ചതെന്നും തിരിച്ച് എത്തിയിട്ടാണ് പിന്നീട് ഭക്ഷണം കഴിച്ചതെന്നും ഹെലിസ ഹെല്‍മി പറഞ്ഞു. മൂന്ന് ദിവസം ഭക്ഷണം കഴിക്കാതെ ടോയ്ലറ്റ് വെള്ളം മാത്രമാണ് കുടിച്ചതെന്നും അവർ പറഞ്ഞു.
മണിക്കൂറോളം മുട്ടുകുത്തിച്ച് നിർത്തുകയും തലതാഴ്ത്തി ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇടക്കൊന്ന് മുകളിലേക്ക് നോക്കിയപ്പോൾ തലക്ക് പിന്നിൽ വന്ന് അടിച്ചെന്നും മറ്റൊരു ആക്ടിവിസ്റ്റായ പൗലോ ഡി മോണ്ടിസ് പറഞ്ഞു. കൈകൾ സിപ്പ് ടൈകൾ കൊണ്ട് ബന്ധിച്ച് മണിക്കൂറുകളോളം ജയിൽ വാനിൽ കിടത്തിയെന്നും അദ്ദേഹം പറഞ്ഞു.