
കരിങ്കടൽ തീരത്ത് മുൻ സോവ്യറ്റ് യൂനിയന്റെ ഭാഗമായിരുന്ന ജോർജിയയിൽ സർക്കാറിനെ പിടിച്ചുലച്ച് പ്രതിഷേധം. പ്രസിഡന്റിന്റെ കൊട്ടാരം കൈയേറിയ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
ഇത് ഭരണ അട്ടിമറി ശ്രമമാണെന്നും പ്രതിപക്ഷത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി ഇറക്ലി കൊബാഖിഡ്സെ പറഞ്ഞു. ഒരു വർഷം മുമ്പ് വിവാദമായ പാർലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് അനുകൂലമായിരുന്നു.
തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് യൂറോപ്യൻ യൂനിയൻ അനുകൂല പ്രതിപക്ഷം ആരോപണവുമായി രംഗത്തുവരികയായിരുന്നു. തുടർന്ന് സർക്കാർ, യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സെൻട്രൽ ടിബിലിസിയിൽ ജോർജിയൻ, യൂറോപ്യൻ യൂനിയൻ പതാകകൾ വീശി പതിനായിരങ്ങളാണ് പ്രതിഷേധ മാർച്ച് നടത്തിയത്. പ്രതിഷേധത്തിനിടെ ഓപ്പറ ഗായിക പാറ്റ ബുർച്ചുലാഡ്സെ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.