
പിതാവും മകനും ചേർന്ന് യുവാവിനെ ആക്രമിച്ച് കാലിന് 10 ശതമാനം വൈകല്യമുണ്ടാക്കിയ സംഭവത്തിൽ 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് നിര്‍ദേശം നല്കി അബൂദബി സിവില്‍ ഫാമിലി കോടതി. ആക്രമണത്തിലൂടെ താന്‍ നേരിട്ട ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി അഞ്ചുലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം നല്‍കുന്നതുവരെയുള്ള കാലയളവിൽ തുകയുടെ ഒമ്പത് ശതമാനം പലിശയും പരാതിക്കാരന് ആവശ്യപ്പെട്ടിരുന്നു.
നേരത്തേ ആക്രമണം നടത്തിയ പ്രതികള്‍ കുറ്റക്കാരാണെന്ന് ക്രിമിനല്‍ കോടതി കണ്ടെത്തിയിരുന്നു. പരാതിക്കാരന് 21,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.
ആക്രമണത്തില്‍ പരാതിക്കാരന്റെ വലതുകാല്‍ മുട്ടിന് പരിക്കേല്‍ക്കുകയും ഇത് 10 ശതമാനം സ്ഥിര വൈകല്യത്തിന് കാരണമായെന്നും കോടതി കണ്ടെത്തി. കൈക്ക് പരിക്കേറ്റിരുന്നെങ്കിലും ഇത് പൂര്‍ണമായി ഭേദപ്പെടുകയും ചെയ്തു. ആക്രമണത്തിനിരയായ പരാതിക്കാരന്റെ വാദം കേട്ട കോടതി മൊത്തം 51,000 ദിര്‍ഹം നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്നും ക്രിമിനല്‍ കോടതി വിധിച്ച 21,000 ദിര്‍ഹം നഷ്ടപരിഹാരത്തിനു പുറമെ 30,000 ദിര്‍ഹം കൂടി നല്‍കണമെന്ന് പ്രതിഭാഗത്തിന് നിര്‍ദേശം നല്‍കുകയുമായിരുന്നു. മകന് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ രക്ഷിതാവെന്ന നിലയില്‍ പിതാവ് തന്നെ നഷ്ടപരിഹാരത്തുക നല്‍കണമെന്നും കോടതി ഉത്തരവിട്ടു.