
ഒമാനില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിദേശ മൂലധന നിക്ഷേപ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. പുതിയ മന്ത്രിതല പ്രമേയം പ്രകാരം വിദേശ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണം.
വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് നിയമനം ഉറപ്പുവരുത്തേണ്ടത്. ഒമാനി ജീവനക്കാരന്‍ സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ടില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്. മുഴുവന്‍ കമ്പനികളും അധികാരികള്‍ വ്യക്തമാക്കിയ സ്വദേശിവത്കരണ നിരക്ക് പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
പ്രമേയം പ്രാബല്യത്തില്‍ വരുമ്പോള്‍ ഒരു വര്‍ഷമോ അതില്‍ കൂടുതലോ വാണിജ്യപരമായി പ്രവര്‍ത്തിക്കുന്ന ഏതൊരു വിദേശ നിക്ഷേപ കമ്പനിയും ആറ് മാസത്തിനുള്ളില്‍ തങ്ങളുടെ നിലവിലെ സ്റ്റാറ്റസ് ക്രമീകരിക്കണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ കമ്പനിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കും. കൊമേഴ്‌സ്യല്‍ റജിസ്‌ട്രേഷന്‍ പുതുക്കല്‍, വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്യല്‍ അല്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ എന്നിവയില്‍ നിയന്ത്രണങ്ങളുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.