
കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും കുവൈത്തിൽ നിന്ന് നേരിട്ട് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയ നടപടിയിൽ പത്ത് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എയർ ഇന്ത്യ ചെയർമാനിൽ നിന്ന് ഉറപ്പ് ലഭിച്ചതായി കെ.സി വേണുഗോപാൽ എം.പി. ഒഐസിസി നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര നൽകിയ നിവേദനത്തിനുള്ള മറുപടിയിൽ അറിയിച്ചു. കുവൈത്ത് വിമാന കമ്പനിയായ ജസീറ എയർലൈൻസ് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവീസ് ആരംഭിക്കുന്ന കാര്യം ഗൗരവമായി പരിഗണനയിലാണെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചിട്ടുണ്ട്.
കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികളിൽ വലിയൊരു വിഭാഗം കേരളത്തിലെ മലബാർ മേഖലയിൽ നിന്നുള്ള ജോലിക്കാരും അവരുടെ കുടുംബങ്ങളുമാണെന്ന് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നിർത്തിയതിനെ തുടർന്ന് കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, വയനാട് ഭാഗത്തേക്കുള്ള നിലവിലെ യാത്ര ദുരിതപൂർണ്ണമാണെന്ന് ഒഐസിസി നാഷനൽ കമ്മിറ്റി കെ.സി. വേണുഗോപാലിന് നൽകിയ നിവേദനത്തിൽ അറിയിച്ചിരുന്നു.