ublnews.com

പാക് അധീന കശ്മീരില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച വിജയം

അഞ്ചുദിവസമായി ഭരണകൂടവിരുദ്ധ പ്രക്ഷോഭം നടക്കുന്ന പാക് അധീന കശ്മീരില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച ഒടുവില്‍ വിജയം കണ്ടു.
‘ഞങ്ങളുടെ പ്രതിനിധി സംഘം എജെകെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുമായി അന്തിമ കരാറില്‍ ഒപ്പുവച്ചു. പ്രതിഷേധക്കാര്‍ അവരുടെ വീടുകളിലേക്ക് മടങ്ങുകയാണ്. എല്ലാ റോഡുകളും വീണ്ടും തുറന്നു’ പാകിസ്താന്‍ പാര്‍ലമെന്ററികാര്യ മന്ത്രി താരിഖ് ഫസല്‍ ചൗധരി പറഞ്ഞു.

പ്രക്ഷോഭത്തെത്തുടര്‍ന്ന് വ്യഴാഴ്ച മേഖലയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ്, ലാന്‍ഡ്‌ലൈന്‍ സേവനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരുന്നു. സമരക്കാരും സുരക്ഷാസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്.

പിഒകെയിലെ 12 നിയമസഭാസീറ്റുകളില്‍ കശ്മീരി അഭയാര്‍ഥികള്‍ക്കുള്ള സംവരണം അവസാനിപ്പിക്കുക, ഗോതമ്പുമാവിന് സബ്‌സിഡി നല്‍കുക, സൗജന്യവിദ്യാഭ്യാസം, വൈദ്യുതിനികുതി കുറയ്ക്കുക തുടങ്ങിയ 38 പ്രധാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പിഒകെ ഭരണകൂടം പരാജയപ്പെട്ടെന്നാരോപിച്ച് സെപ്റ്റംബര്‍ 29-നാണ് സമരം തുടങ്ങിയത്. സമരക്കാരുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിച്ചതായാണ് വിവരം.

സര്‍ക്കാരും സമരക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ വിജയിച്ചതിനെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്വാഗതം ചെയ്തു. സമാധാനം പുനഃസ്ഥാപിച്ചതും സാധാരണനിലയിലേക്ക് മടങ്ങിയതും ഒരു നല്ല സംഭവവികാസമാണെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മുടെ കശ്മീരി സഹോദരങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും സജ്ജമാണ്,’ പൊതുതാല്‍പ്പര്യവും സമാധാനവുമാണ് ഞങ്ങളുടെ പ്രധാന പരിഗണനകള്‍, ആസാദ് കശ്മീരിലെ ജനങ്ങളെ പൂര്‍ണ്ണ പ്രതിബദ്ധതയോടെ ഞങ്ങള്‍ തുടര്‍ന്നും സേവിക്കും’ഷഹബാസ് പറഞ്ഞു.

ഇതിനിടെ പാക് അധീന കശ്മീരിലെ (പിഒകെ) പ്രതിഷേധക്കാര്‍ക്കെതിരായ അടിച്ചമര്‍ത്തലിന്റെ പേരില്‍ പാകിസ്താനെ ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചു. ‘ഭയാനകമായ’ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അയല്‍രാജ്യം ഉത്തരം പറയേണ്ടിവരുമെന്നും ഇന്ത്യ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top