ublnews.com

ഇരുചക്രവാഹനത്തിൽ ഇടിച്ചു; വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ പൊലീസ്

ഇരുചക്രവാഹനത്തിൽ ഇടിച്ച വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ നാമക്കൽ പൊലീസ് തീരുമാനിച്ചു. ഹൈക്കോടതിയുടെ വിമർശനത്തെ തുടർന്നാണ് തീരുമാനം. വിജയ്‌യുടെ പ്രചാരണ വാഹനം ഇരുചക്രവാഹനത്തിൽ ഇടിക്കുന്നതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നിട്ടും വാഹനം പിടിച്ചെടുത്ത് കേസ് റജിസ്റ്റർ ചെയ്യാത്തതെന്താണെന്നു കോടതി ഇന്നലെ ചോദിച്ചിരുന്നു. പരാതി ലഭിക്കാനോ കോടതി ഉത്തരവു പുറപ്പെടുവിക്കാനോ കാത്തിരിക്കുകയാണോ എന്നു ചോദിച്ച കോടതി, സർക്കാർ മൗനം പാലിക്കരുതെന്നും നിർദേശിച്ചിരുന്നു.

കരൂരിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ചതിൽ തമിഴക വെട്രി കഴകത്തെയും (ടിവികെ) വിജയ്‌‌യെയും മദ്രാസ് ഹൈക്കോടതി ഇന്നലെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. മനുഷ്യ നിർമിത ദുരന്തമാണുണ്ടായത്. അപകടമുണ്ടായപ്പോൾ സംഘാടകരും നേതാക്കളും അനുയായികളെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വിജയ്‌‌ക്ക് നേതൃപാടവമില്ല. ദുരന്തത്തിനു നേരെ കണ്ണടയ്ക്കാൻ കഴിയില്ലെന്നു പറഞ്ഞ കോടതി, നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും ഓർമിപ്പിച്ചു.

അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വടക്കൻ മേഖല ഐജി അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സിബിഐ അന്വേഷണ ആവശ്യം തള്ളിയ കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ സർക്കാരിനും വിജയ് പക്ഷത്തിനും നിർദേശം നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top