
വിമാന യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകി എമിറേറ്റ്സ് എയർലൈൻസിന് പിന്നാലെ ഫ്ലൈ ദുബായും പവർ ബാങ്കുകൾ വിമാനത്തിൽ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് കർശനമാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. ഈ നിയമങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.
പവർ ബാങ്ക് കൊണ്ടുപോകുന്നതിനുള്ള പ്രധാന നിയമങ്ങൾ
∙ ഒരു യാത്രക്കാരന് ഒരു പവർ ബാങ്ക് മാത്രമേ കൈവശമുള്ള ബാഗേജിൽ കൊണ്ടുപോകാൻ അനുവാദമുള്ളൂ.
∙ പവർ ബാങ്കിന്റെ ശേഷി 100 വാട്ട്-അവറിൽ കുറവായിരിക്കണം, ഇത് ഉപകരണത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഈ പരിധിക്ക് മുകളിലുള്ള ഉപകരണങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്.
∙ ചെക്ക് ചെയ്ത ബാഗേജിൽ പവർ ബാങ്കുകൾ വയ്ക്കാൻ ഒരുകാരണവശാലും അനുവദിക്കില്ല.
∙ വിമാനത്തിനുള്ളിൽ വച്ച് പവർ ബാങ്ക് ഉപയോഗിക്കുന്നതോ, ചാർജ് ചെയ്യുന്നതോ തീർത്തും നിരോധിച്ചിരിക്കുന്നു. വിമാനത്തിലെ പവർ സോക്കറ്റുകൾ ഉപയോഗിച്ച് ചാർജ് ചെയ്യാനും പാടില്ല.
∙ പവർ ബാങ്കുകൾ ഓഫ് ആക്കി വയ്ക്കുകയും ഷോർട്ട് സർക്യൂട്ട് ഉണ്ടാവാതിരിക്കാൻ സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. ഇവ സീറ്റിനടിയിലോ മുന്നിലുള്ള സീറ്റ് പോക്കറ്റിലോ വയ്ക്കണം; ഓവർഹെഡ് ലോക്കറുകളിൽ വയ്ക്കരുത്.
മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ലിഥിയം ബാറ്ററിയുള്ള മറ്റ് ഉപകരണങ്ങൾ ചെക്ക് ചെയ്ത ബാഗേജിൽ വയ്ക്കുമ്പോൾ നിർബന്ധമായും ഓഫ് ചെയ്യുകയും യാദൃച്ഛികമായി പ്രവർത്തിക്കാതിരിക്കാൻ സുരക്ഷിതമാക്കുകയും വേണം.
∙ തങ്ങളുടെ ഉപകരണങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുള്ള യാത്രക്കാർ യാത്രയ്ക്ക് മുൻപ് തന്നെ ഫ്ലൈ ദുബായിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഈ നിയമങ്ങൾ ആഗോള സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമാണെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യുഎഇ വിമാനക്കമ്പനികൾക്ക് ഇത് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.