
ജനസംഖ്യ 40 ലക്ഷം പിന്നിട്ട് ദുബായ്. കഴിഞ്ഞ 30 വരെയുള്ള കണക്ക് പ്രകാരം ദുബായിൽ ജനസംഖ്യ 4,019,765 ആണ്. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് കണക്കുകൾ പ്രസിദ്ധീകരിച്ചത്. 9 മാസം പിന്നിട്ടപ്പോഴേക്കും 1,65,165 പേർ പുതിയതായി താമസം ആരംഭിച്ചു. ജനസംഖ്യയിൽ 4 ശതമാനമാണ് വർധന.
കഴിഞ്ഞ വർഷാവസാനം വരെ 38.63 ലക്ഷം പേരാണ് ദുബായിൽ താമസിച്ചതെന്നും സെന്ററിന്റെ കണക്കിൽ പറയുന്നു. ഇതിൽ 20.6 ലക്ഷം പുരുഷന്മാരും 10.2 ലക്ഷത്തിലധികം സ്ത്രീകളുമാണ്. മൊത്തം താമസക്കാരിൽ പുരുഷന്മാർ 68 ശതമാനവും പുരുഷന്മാരാണ്. 32 ശതമാനം സ്ത്രീകളും. ദുബായിൽ ജോലി ചെയ്യുകയും സമീപ എമിറേറ്റുകളിൽ താമസിക്കുകയും ചെയ്യുന്നത് 12,66,400 ആണ്.
അതിനാൽ, ഓഫിസുകൾ പ്രവർത്തിക്കുന്ന സമയം ദുബായിലെ ജനസംഖ്യ 53 ലക്ഷമായി വർധിക്കുന്നതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ലോകത്തിലെ ആയിരക്കണക്കിന് സമ്പന്നരും വ്യവസായികളും ദുബായിലേക്ക് ഒഴുകുന്നത് ജനസംഖ്യാ വർധനയ്ക്ക് കാരണമായെന്നാണ് വിലയിരുത്തൽ. എമിറേറ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ രംഗത്തെ പുതുമ, നിയമനിർമാണ സംവിധാനങ്ങൾ എന്നിവ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണ്.
എണ്ണമറ്റ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക, വാണിജ്യ കവാടമായി ദുബായ് മാറി. സ്റ്റാർട്ടപ്പുകൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവ ആഗോളതലത്തിൽ വികസിപ്പിക്കുന്നതിനുള്ള അനുയോജ്യ അന്തരീക്ഷം എമിറേറ്റിന്റെ സവിശേഷതയാണ്. അതുകൊണ്ട് ആഗോള സംരംഭകരുടെ സ്ഥിരം താസമ കേന്ദ്രമാകുകയാണ് ദുബായ്.