
കാനഡയിലെ തിയറ്ററിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു. ഒരാഴ്ചയ്ക്കിടെയുണ്ടായ ആക്രമണങ്ങളെ തുടർന്നാണിത്. ഒന്റാറിയോ പ്രവിശ്യയിലെ ഓക്ക്വിൽ ടൗണിലുള്ള ഫിലിം സിനിമാസ് എന്ന തിയറ്ററാണ്, ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിയത്. ദക്ഷിണേഷ്യൻ സിനിമകൾ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് തിയറ്ററിന് നേരെ തീവെപ്പും വെടിവെപ്പും ഉണ്ടായതെന്ന് തിയറ്റർ ഉടമകൾ സംശയിക്കുന്നു. സെപ്റ്റംബർ 25നാണ് ആദ്യത്തെ സംഭവം നടന്നത്. രണ്ട് പേർ തിയേറ്ററിന്റെ പ്രവേശന കവാടത്തിൽ തീവെയ്ക്കാൻ ശ്രമിച്ചു.
തീ പടരാതിരുന്നതിനാൽ ആളപായം ഒഴിവായി. ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് ഹാൽട്ടൺ റീജിയണൽ പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ ഒരു തവിട്ട് നിറത്തിലുള്ള എസ്യുവി പാർക്കിംഗ് സ്ഥലത്ത് പലതവണ കറങ്ങുന്നതും അതിനുശേഷം ഒരു വെളുത്ത നിറത്തിലുള്ള കാർ വരുന്നതും കാണാം. യുവാക്കൾ എന്തോ ദ്രാവകം ഒഴിച്ച് തീകൊളുത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് പോകുന്നതിന്റെ ദൃശ്യവും ലഭിച്ചു. പവൻ കല്യാണിന്റെ ഒജിയാണ് ആ സമയത്ത് ഈ തിയറ്ററിൽ പ്രദർശിപ്പിച്ചിരുന്നത്.
ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തിയറ്റർ ഉടമകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു- “ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ആദ്യമായല്ല ഇത്തരം ആക്രമണങ്ങളും ഭീഷണികളും നേരിടേണ്ടി വരുന്നത്. ഇത് പ്രശ്നമുണ്ടാക്കുന്നുണ്ട്. എന്നാലും ഒരുമിച്ച് സിനിമ ആസ്വദിക്കാൻ സമൂഹത്തിന് സുരക്ഷിതവുമായ ഒരിടം നൽകുന്നതിൽ നിന്ന് ഇതൊന്നും ഞങ്ങളെ തടയില്ല”