ublnews.com

ഇന്ത്യയിലെ ആരാധകർ അതിശയിപ്പിക്കുന്നവരെന്ന് മെസ്സി

ഏറെ പ്രതീക്ഷയോടെ ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025’ൽ അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി പങ്കെടുക്കും. 14 വർഷം മുമ്പ് താൻ അവസാനമായി കളിച്ച രാജ്യം വീണ്ടും സന്ദർശിക്കാൻ കഴിയുന്നത് ബഹുമതിയാണെന്ന് മെസ്സി വിശേഷിപ്പിച്ചു.

‘ഇങ്ങനെയൊരു യാത്ര എനിക്ക് ലഭിക്കുന്ന ബഹുമതിയാണ്. ഇന്ത്യ വളരെ പ്രത്യേകതയുള്ള ഒരു രാജ്യമാണ്. ഫുട്ബാളിനെ ആവേ​ശത്തോടെ കാണുന്നവർ. ഈ മനോഹരമായ കളിയോടുള്ള സ്നേഹം പങ്കിടുന്നതിനൊപ്പം പുതിയ തലമുറയിലെ ആരാധകരെ കണ്ടുമുട്ടാനും ഞാനാഗ്രഹിക്കുന്നു. 14 വർഷം മുമ്പ് ഇവിടെ ചെലവഴിച്ച നാളുകളെക്കുറിച്ച് എനിക്ക് നല്ല ഓർമകളാണുള്ളത്. ആരാധകർ അതിശയപ്പിക്കുന്നതായിരുന്നു’- മെസ്സി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ റി​പ്പോർട്ടുകൾ വന്നിരുന്നു​വെങ്കിലും മെസ്സിയുടെ പ്രസ്താവനയോടെയാണ് അദ്ദേഹത്തി​ന്റെ ഇന്ത്യാ സന്ദർശനത്തിന് സ്ഥിരീകരണമായത്.

ഡിസംബർ 13ന് കൊൽക്കത്തയിൽ നിന്നും നാലു നഗരങ്ങളിലേക്കുള്ള പര്യടനം ആരംഭിക്കുന്ന മെസ്സി, തുടർന്ന് അഹമ്മദാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കു പോവും. ഡിസംബർ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയോടെയാണ് യാത്ര അവസാനിക്കുക.

കൊൽക്കത്തയിൽ മെസ്സിയുടെ പരിപാടി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് നടക്കുക. ഡിസംബർ 13ന് നടക്കുന്ന ‘ഗോട്ട് കൺസേർട്ട്’, ‘ഗോട്ട് കപ്പ്’ എന്നിവയിൽ മെസ്സി പ​ങ്കെടുക്കും. ഇന്ത്യൻ കായിക രംഗത്തെ ഇതിഹാസ താരങ്ങളായ സൗരവ് ഗാംഗുലി, ബൈച്ചുങ് ബൂട്ടിയ, ലിയാൻഡർ പേസ് എന്നിവർക്കൊപ്പം കളിക്കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top