
ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പദ്ധതിയെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി സ്വാഗതം ചെയ്തു. പ്രതിസന്ധി അവസാനിപ്പിക്കാനും ഗസ്സയിലെ മാനുഷിക ദുരന്തം അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഏതൊരു അന്താരാഷ്ട്ര ശ്രമവും പ്രശംസയും ഇടപെടലും പിന്തുണയും അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വെടിനിർത്തൽ, സഹായ വിതരണത്തിലെ നിയന്ത്രണങ്ങൾ ഉടനടി വേഗത്തിൽ പിൻവലിക്കൽ, ഗസ്സയിലെ ജനങ്ങളെ കുടിയിറക്കുന്നതിൽ നിന്ന് തടയുകയും സംരക്ഷിക്കുകയും ചെയ്യുക എന്നിവയാണ് ഉത്തരവാദിത്തമുള്ള ഏതൊരു അന്താരാഷ്ട്ര നടപടിയുടെയും കാതലായ മുൻഗണനകളെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഫലസ്തീൻ ജനതയുടെ അനിഷേധ്യമായ അവകാശങ്ങൾ ഉറപ്പുനൽകുന്ന യഥാർഥവും നീതിയുക്തവുമായ ഒരു പാതയിലേക്ക് വഴിയൊരുക്കാൻ സഹായിക്കുന്ന നിർദ്ദിഷ്ട നടപടികളെ ജി.സി.സി പോസിറ്റീവായി കാണുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. 1967 ജൂൺ 4 ന് കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി അതിർത്തി പങ്കിടുന്ന ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് അതിൽ പ്രധാനം. ഗസ്സയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സഹോദര ഫലസ്തീൻ ജനതയുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നതും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതുമായ ഒരു പരിഹാരം രൂപപ്പെടുത്തുന്നതിന് പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി സഹകരിക്കാനുള്ള ജി.സി.സിയുടെ സന്നദ്ധത അദ്ദേഹം സ്ഥിരീകരിച്ചു.