ublnews.com

ഗസ്സയിൽ 20 ഇന സമാധാന പദ്ധതി മുന്നോട്ടുവെച്ച് ഡോണൾഡ് ട്രംപ്

ഗസ്സയിൽ 20 ഇന നിർദേശങ്ങളടങ്ങുന്ന സമാധാന പദ്ധതിയാണ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ മരണം 66,000 കടക്കുമ്പോഴാണ് ട്രംപിന്റെ സമാധാന പദ്ധതി. പുതിയ പദ്ധതി ഇസ്രായേൽ അംഗീകരിച്ചിട്ടുണ്ട്. ഹമാസ് കൂടി അംഗീകരിക്കുകയാണെങ്കിൽ പദ്ധതി ഉടൻ നിലവിൽ വരുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഹമാസ് പദ്ധതി അംഗീകരിച്ചില്ലെങ്കിൽ വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നും ഹമാസിന് യു.എസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതിയിലെ പ്രധാനനിർദേശങ്ങൾ ഇവയാണ്

ഇരുപക്ഷവും സമാധാന പദ്ധതി അംഗീകരിച്ചാൽ യുദ്ധം ഉടൻ നിർത്തും. ബന്ദികളെ കൈമാറുന്നതിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമാകും
ഇസ്രായേൽ കരാർ അംഗീകരിച്ച് 72 മണിക്കൂറിനകം ഹമാസ് ബന്ദികളെ കൈമാറണം

ബന്ദികളെ കൈമാറിയാൽ ജീവപര്യന്തം തടവുശിക്ഷയിൽ കഴിയുന്ന 250 തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം തടവിലാക്കിയ 1700 ഗസ്സ പൗരൻമാരെയും ഇസ്രായേൽ മോചിപ്പിക്കും

ബന്ദിമോചനത്തിന് ശേഷം ഗസ്സയുടെ വികസനത്തിനായി ഹമാസ് സമാധാനപരമായി സഹകരിക്കണം. ഹമാസ് അംഗങ്ങൾക്ക് ഗസ്സ വിടണമെങ്കിൽ അതിന് സുരക്ഷിതപാതയൊരുക്കും

സമാധാനപദ്ധതി അംഗീകരിച്ചാൽ ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കും. വെള്ളം, വൈദ്യുതി തുടങ്ങിയവ​യെല്ലാം ഗസ്സയിലെത്തിക്കും. ആശുപത്രികൾ, ബേക്കറികൾ എന്നിവയുടെ പ്രവർത്തനം സാധാരണനിലയിലാക്കും.

അമേരിക്കക്കും യു.എന്നിനും മാത്രമാവും ഗസ്സയിൽ ഭക്ഷണവിതരണത്തിനുള്ള അവകാശമുണ്ടാവുക. ഭക്ഷ്യവിതരണം സുഗമാക്കുന്നതിന് വേണ്ടി റഫ അതിർത്തി തുറക്കും.

ഗസ്സയുടെ ഭരണം താൽക്കാലിക ഭരണസംവിധാനത്തിന് കൈമാറും. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഈ ഭരണസംവിധാനത്തിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും അംഗമാവും. അന്തരാഷ്ട്ര വിഷയങ്ങളിലെ വിദഗ്ധരും സമിതിയിൽ അംഗമാവും

ഗസ്സയുടെ വികസനം ലക്ഷ്യമിട്ട് ട്രംപിന്റെ നേതൃത്വത്തിൽ പ്രത്യേക സാമ്പത്തിക പദ്ധതി തയാറാക്കും
ഗസ്സയിൽ പ്രത്യേക ഇക്കണോമിക് സോൺ നിലവിൽ വരും

ഗസ്സയിൽ നിന്ന് ആരെയും നിർബന്ധിച്ച് കുടിയൊഴിപ്പിക്കില്ല. ആർക്കും ഗസ്സയിൽ നിന്നും എപ്പോൾ വേണമെങ്കിലും പോവുകയും തിരികെ വരികയു ചെയ്യാം.

അറബ് രാജ്യങ്ങളു​മായി ചേർന്ന് ഇന്റർനാഷണൽ സ്റ്റൈബിലൈസേഷൻ സേനയെ എന്ന പേരിൽ ഗസ്സയിൽ എത്രയും പെട്ടെന്ന് സൈന്യത്തെ വിന്യസിക്കും. ജോർദാൻ, ഈജിപ്ത തുടങ്ങിയ രാജ്യങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഗസ്സക്ക് വേണ്ടി പ്രത്യേക സൈന്യം രൂപീകരിക്കുക.

ഗസ്സയുടെ നിയ​ന്ത്രണം ഇനി ഇസ്രായേൽ ഏറ്റെടുക്കില്ല. പ്രത്യക സൈന്യമായിരിക്കും ഗസ്സയിലെ സുരക്ഷാകാര്യങ്ങൾ നോക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top