ublnews.com

രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി; പ്രാധാന്യമോ അടിയന്തരസ്വഭാവമോ ഇല്ലെന്ന് സ്‌പീക്കർ;നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം

രാഹുൽ ഗാന്ധി എംപിക്കെതിരെ ബിജെപി വക്താവ് പ്രിന്റു മഹാദേവൻ ചാനൽ ചർച്ചയ്ക്കിടെ വധഭീഷണി മുഴക്കിയ സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന കോൺഗ്രസ് ആവശ്യം സ്പീക്കർ എ എൻ ഷംസീർ തള്ളിയതോടെ സഭയിൽ ബഹളം. പ്രധാന്യമില്ലാത്ത വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചത്. പിന്നാലെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ പിന്നീട് സഭ ബഹിഷ്കരിക്കുകയായിരുന്നു.

ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാഹുലിന്റെ വിഷയം സഭയിൽ ഉന്നയിക്കാൻ തക്ക പ്രാധാന്യമോ അടിയന്തരസ്വഭാവമോ ഇല്ലെന്ന് സ്‌പീക്കർ പറഞ്ഞു. ചാനൽ ചർച്ചയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതൊക്കെ സഭയിൽ പറയാൻ പറ്റുമോയെന്നാണ് സ്പീക്കർ ചോദിച്ചത്. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.കേസ് നിസ്സാരമാണെന്ന് സ്പീക്കർ പറഞ്ഞതിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പരാമർശത്തിന് സർക്കാർ മറുപടി പറയണം. ബിജെപി നേതാവിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

എന്നാൽ 26ന് നടന്ന ചാനൽ ചർച്ചയിൽ രാഹുൽ ഗാന്ധിക്കെതിരെ പരാമർശമുണ്ടായിട്ട് ഇത്രയും ദിവസം കേരളത്തിൽ ഒരു പ്രകടനം പോലും നടത്താത്ത കോൺഗ്രസ് സഭയിൽ വിഷയം ഉന്നയിക്കുന്നത് പ്രതിഷേധാ‌ഹമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.രാഹുൽ ഗാന്ധിയുടെ നെ‌ഞ്ചിലേക്ക് വെടിയുണ്ട ഉതിർക്കുമെന്നാണ് ബിജെപി നേതാവ് ചാനൽ ചർച്ചയിൽ പറഞ്ഞത്. ‘ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭങ്ങളെപ്പോലെ ഇവിടെ ജനങ്ങൾ കൂടെയുണ്ടായിരുന്നില്ല. ഇന്ത്യാ മഹാരാജ്യത്ത് നരേന്ദ്ര മോദി സർക്കാരിന്റെ കൂടെ ജനങ്ങൾ ഉണ്ട്. അതുകൊണ്ട് അങ്ങനെയൊരു മോഹവുമായി രാഹുൽ ഗാന്ധി ഇറങ്ങിത്തിരിച്ചാൽ നെഞ്ചത്ത് വെടിയുണ്ട വീഴും. ഒരു സംശയവും വേണ്ട ‘, എന്നായിരുന്നു ചർച്ചയ്‌ക്കിടെ പ്രിന്റു മഹാദേവിന്റെ പരാമർശം.

സംഭവത്തിൽ പ്രിന്റു മഹാദേവിനെതിരെ പെരാമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയിലാണ് നടപടി. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. എബിവിപി മുൻ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു പ്രിന്റു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top