
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടൻ വിജയ്ക്കെതിരേ പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍. കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നതിനായി പരിപാടി മനഃപൂര്‍വം വൈകിച്ചു എന്നതാണ് അതിൽ ഏറ്റവും പ്രധാനം. നാമക്കലില്‍ എട്ടേമുക്കാലിന് എത്തിച്ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും നിശ്ചയിച്ചതിനും മണിക്കൂറുകള്‍ വൈകിയാണ് വിജയ് പരിപാടിയിൽ എത്തിച്ചേര്‍ന്നതെന്നും എഫ് ഐ ആറില്‍ പറയുന്നു. ഇത് കൂടുതല്‍ ആളുകള്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ കാരണമായി എന്നും പറയുന്നു. വിജയെ കാണാനെത്തിയവര്‍ ബലം കുറഞ്ഞ മരച്ചില്ലകളിലും വീടുകളുടെ സണ്‍ഷേഡുകളിലും കയറി നിന്നിരുന്നു. മരച്ചില്ല പൊട്ടി വീഴുന്ന അവസ്ഥ ഉണ്ടായതായും കൂടുതല്‍ ആളുകള്‍ ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചുകയറാന്‍ ശ്രമിച്ചതും അപകടകാരണമായി എന്നും പരാമര്‍ശമുണ്ട്. വിജയെ കൂടാതെ എന്‍. ആനന്ദ്, സീതി നിര്‍മല്‍കുമാര്‍, മതിയഴകന്‍ എന്നിവരുടെ പേരുകളാണ് എഫ്ഐആറിലുളളത്. ഇവര്‍ക്ക് സമന്‍സ് അയക്കുമെന്നാണ് വിവരം.
തമിഴ്നാടിനെ ഒന്നാകെ നടുക്കിയ ദുരന്തത്തിനാണ് ശനിയാഴ്ച സാക്ഷിയായത്. തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 41 പോരാണ് മരിച്ചത്. കരൂരിൽ ശനിയാഴ്ച നടന്ന പരിപാടിയിൽ വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഉച്ചയോടെ വിജയ് കരൂരിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം സ്ഥലത്തെത്താൻ ആറേഴ് മണിക്കൂർ വൈകിയെന്നാണ് റിപ്പോർട്ട്.
ഉച്ചയോടടുത്ത് ജനബാഹുല്യം രൂപപ്പെട്ടു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും കനത്ത ചൂടും കാരണം ജനക്കൂട്ടത്തിൽ പലരും തളർന്നുവീഴുകയും ചെയ്തു. വിജയ് എത്തിയതോടെ അദ്ദേഹത്തിന്റെ പ്രചാരണ വാഹനത്തിന് അടുത്തേക്ക് എത്താൻ ആളുകൾ ശ്രമം നടത്തി. ഇതിനിടയിൽ ഇവർ തെന്നിവീണു. ആളുകൾ കൂട്ടത്തോടെ വീണതോടെ പലർക്കും ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് നിന്നും ആളുകളെ ആശുപത്രയിലേക്ക് മാറ്റുന്നതടക്കം ദുസ്സഹമായിരുന്നു. സ്ഥലത്തെത്തിയ ആംബുലൻസുകൾക്ക്, ജനക്കൂട്ടം കാരണം പരിക്കേറ്റവരുടെ അടുത്തേക്ക് എത്താനും ആശുപത്രിയിലേക്ക് കൊണ്ടുപോകാനും വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവന്നു.