
ദുബായിലെ ചരക്കുനീക്കത്തിൽ ഇനി ഡ്രൈവറില്ലാ ലോറികളും. സ്മാർട്ട് ലോറികളുടെ പരീക്ഷണയോട്ടത്തിന് 5 റൂട്ടുകൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ പ്രഖ്യാപിച്ചു. ജബൽഅലി തുറമുഖം, ഇവിടത്തെ ഫ്രൈറ്റ് ടെർമിനൽ, അൽമക്തൂം രാജ്യാന്തര വിമാനത്താവളം, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ഇബ്ൻ ബത്തൂത്ത മാൾ എന്നിവിടങ്ങളിലാണ് ലോറിയുടെ പരീക്ഷണയോട്ടത്തിന് അനുവദിച്ച റൂട്ടുകൾ.
ദുബായിലെ ഓട്ടോണമസ് വാഹനങ്ങളുടെ സമഗ്ര നിയന്ത്രണ നിയമത്തിനു കീഴിലാണ് പരീക്ഷണയോട്ടം. എന്നാൽ ഡ്രൈവറില്ലാ ചരക്കുനീക്ക സേവനം എന്നു തുടങ്ങുമെന്ന് ആർടിഎ വെളിപ്പെടുത്തിയിട്ടില്ല.
∙ ദുബായിൽ 61,000 ഹെവി വാഹനങ്ങൾ
നിലവിൽ ദുബായിൽ 61,000 ഹെവി വാഹനങ്ങൾ ചരക്കുനീക്കത്തിൽ ഏർപ്പെടുന്നുണ്ടെന്ന് ദുബായ് മീഡിയ ഓഫിസ് പറയുന്നു. ഡ്രൈവറില്ലാത്ത ലോറികൾ സേവന രംഗത്ത് വരുന്നതോടെ ലോജിസ്റ്റിക്സ് മേഖലയ്ക്ക് പുത്തനുണർവുണ്ടാകുകയും പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപകമാകുന്നതോടെ 24 മണിക്കൂറും ഇടതടവില്ലാതെ ചരക്കുനീക്കം സാധ്യമാകും.
∙ ദുബായ്, ഓട്ടോണമസ് കേന്ദ്രം
എല്ലാ മേഖലകളിലും ഡ്രൈവറില്ലാ വാഹന സേവനം വ്യാപകമാക്കുന്നതോടെ ഓട്ടോണമസ് വാഹന കേന്ദ്രമെന്ന നിലയിൽ ആഗോളതലത്തിൽ ദുബായുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും സാമ്പത്തിക അജൻഡയ്ക്കു (ഡി33) കരുത്തു പകരുമെന്നും ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ഇത്തരം വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് അപ്പോളോ ഗോ, വീറൈഡ്, പോണി എഐ എന്നീ കമ്പനികൾക്ക് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.