ublnews.com

ട്രംപിന്റെ തീരുവ: പുടിന്റെ യുക്രെയ്ൻ തന്ത്രത്തിൽ മോദിക്ക് ഭയമെന്ന് നാറ്റോ സെക്രട്ടറി ജനറൽ

റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കെതിരെ ഏർപ്പെടുത്തിയ അധിക തീരുവ റഷ്യയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. തീരുവകളെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് യുക്രെയ്‌നിലെ റഷ്യൻ യുദ്ധതന്ത്രം വിശദീകരിക്കാൻ ആവശ്യപ്പെട്ടെന്നും റുട്ടെ അവകാശപ്പെട്ടു. ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസമ്മേളനത്തിനിടെ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ തീരുവ ഉടൻ റഷ്യയെ ബാധിക്കും. കാരണം ഇന്ത്യയിൽ നിന്ന് നരേന്ദ്ര മോദി റഷ്യയിലുള്ള വ്ളാഡിമിർ പുടിനെ ഫോണിൽ വിളിക്കുന്നുണ്ടാവും. ‘ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ നിലവിൽ യുഎസ് എനിക്ക് 50ശതമാനം തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ്. നിങ്ങളുടെ യുദ്ധതന്ത്രം എന്താണെന്ന് വിശദീകരിക്കാമോ’ എന്ന് മോദി പുടിനോട് ചോദിക്കുകയായിരിക്കുമെന്നും റുട്ടെ പറഞ്ഞു.

എന്നാൽ മാർക്ക് റുട്ടെയുടെ പ്രസ്താവനയോട് ഇന്ത്യയിൽ നിന്നോ റഷ്യയിൽ നിന്നോ ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. റഷ്യൻ എണ്ണ വാങ്ങുന്നതിന് ശിക്ഷാ നടപടിയെന്നോണമാണ് കഴിഞ്ഞ മാസം ട്രംപ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം പ്രതികാര തീരുവയും അധികമായി 25ശതമാനം പിഴ തീരുവയും ഏർപ്പെടുത്തിയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top