
യുഎഇയുടെ ദേശീയ ചിഹ്നങ്ങളോ, പ്രമുഖ വ്യക്തികളെയോ ചിത്രീകരിക്കുന്നതിന് നിർമിതബുദ്ധി (എഐ) പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകരമാണെന്ന് യുഎഇ മീഡിയ കൗൺസിൽ. ഔദ്യോഗിക അനുമതിയില്ലാതെ ഇത്തരം ചിത്രങ്ങൾ സൃഷ്ടിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കാനും വിദ്വേഷ പ്രസംഗങ്ങൾ നടത്താനും മറ്റുള്ളവരെ അപകീർത്തിപ്പെടുത്താനും അവരുടെ അന്തസ്സിനും സൽപ്പേരിനും കളങ്കമുണ്ടാക്കാനും സമൂഹത്തിന്റെ മൂല്യങ്ങളെയും തത്ത്വങ്ങളെയും ഹനിക്കാനും എഐ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. ഇത് മീഡിയാ വയലേഷൻ റെഗുലേഷൻ പ്രകാരം പിഴയും മറ്റ് ഭരണപരമായ ശിക്ഷകളും ഉൾപ്പെടെയുള്ള നിയമനടപടികൾക്ക് വിധേയമാക്കാമെന്നും മീഡിയ കൗൺസിൽ മുന്നറിയിപ്പ് നൽകി.
സമൂഹമാധ്യമ ഉപയോക്താക്കൾ, മാധ്യമ സ്ഥാപനങ്ങൾ, ഉള്ളടക്ക നിർമാതാക്കൾ എന്നിവർ അംഗീകൃത നിയമങ്ങളും മാനദണ്ഡങ്ങളും പൂർണമായി പാലിക്കണമെന്നും തൊഴിൽപരമായതും ധാർമികവുമായ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കണമെന്നും ആവശ്യപ്പെട്ടു.