
ദുബായിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്ന രാജ്യാന്തര സമ്മേളനത്തിനു സമാപനം. ഭാവിയിലെ നിരത്തുകൾ വാഴാൻ പോകുന്ന ഡ്രൈവറില്ലാ വാഹനങ്ങളെയും നാളത്തെ വാഹനങ്ങൾ നിയന്ത്രിക്കാൻ ഒരുങ്ങുന്ന സാങ്കേതിക വിദ്യകളെയും പരിചയപ്പെടുത്തുകയായിരുന്നു ദുബായ് ആർടിഎ സംഘടിപ്പിച്ച സെൽഫ് ഡ്രൈവിങ് വാഹനങ്ങളുടെ രാജ്യാന്തര സമ്മേളനം.
റോഡരികിലെ പൊടി അടിച്ചുവാരുന്ന വാഹനം മുതൽ, കാറും ബസും ഡെലിവറി വാഹനങ്ങളും ബോട്ടും വരെ ഈ സംഗമത്തിൽ അണിനിരന്നു. ചൈനീസ് കമ്പനികളുടെ ആധിപത്യമായിരുന്നു എവിടെയും. സെൻസറുകൾ, സുസജ്ജമായ ഇന്റർനെറ്റ് ശൃംഖല, വിവരങ്ങളുടെ വിശകലനം എന്നിവ ശക്തമാക്കുന്നതിൽ കമ്പനികൾക്കിടയിലെ മൽസരം വർധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്താണു സമ്മേളനം സമാപിച്ചത്.
ഏതു സാങ്കേതിക സൗകര്യവും വാഹനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം പാരിസ്ഥിതിക ആഘാതം കുറയ്ക്കുകയും വേണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനായി ഫെസ്റ്റിവൽ സിറ്റിയിലും ക്രീക് ഹാർബറിലും ദുബായ് ഓട്ടണമസ് ട്രാൻസ്പോർട് സോൺ സ്ഥാപിക്കും. ദുബായ് ആർടിഎയും ഇമാറും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.
രാജ്യാന്തര കോൺഫറൻസിന്റെ ഭാഗമായി ആർടിഎ ഡ്രൈവറില്ലാ വാഹനങ്ങളുടെ സാങ്കേതിക വിദ്യാ വികസനത്തിലെ മികച്ച പദ്ധതികൾക്കായി ഏർപ്പെടുത്തിയ അവാർഡുകൾ ചൈനീസ് സ്ഥാപനമായ വീ റൈഡ് – ഡ്യൂഷ് ബാൻ കൺസോർഷ്യവും സെലോസ് ടെക്നോളജിയും സ്വന്തമാക്കി. ഡ്രൈവറില്ലാ വാഹനങ്ങളുടെ സാങ്കേതികവിദ്യാ വികസനത്തിന് ഇരു കമ്പനികളുമായും ആർടിഎ കരാർ ഒപ്പുവച്ചു.
വാഹനം മാത്രമല്ല, ഊർജവും ഊർജ സ്രോതസ്സും സ്മാർട് ആകും. 2030 ആകുമ്പോഴേക്കും ദുബായിലെ യാത്രകളിൽ 25 ശതമാനവും ഡ്രൈവറില്ലാ – സ്മാർട് വാഹനങ്ങളിലാകും. ഈ വർഷം ആദ്യ പകുതിയിൽ വൈദ്യുതി വാഹനങ്ങളുടെ ചാർജിങ്ങിനു മാത്രമായി 42000 മെഗാ വാട്ട് വൈദ്യുതി ലഭ്യമാക്കി. വെറും 14 വാഹനങ്ങളിൽ നിന്ന് 19000ലേക്കും ദുബായിലെ ഇ– വാഹനങ്ങൾ പെരുകി.
ഇതു വെറും സ്വപ്നമല്ല, നാലാം വ്യവസായ വിപ്ലവത്തിനു നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള ദുബായിയുടെ ദൃഢനിശ്ചയത്തിന്റെ അടയാളമാണെന്ന് ദുബായ് ഇലക്ട്രസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദിവ) എംഡി സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. വൈദ്യുതി – ഡ്രൈവറില്ലാ വാഹനങ്ങൾക്ക് അപ്പുറം അന്തരീക്ഷ മലിനീകരണമില്ലാത്ത ഊർജം, പുത്തൻ സാങ്കേതിക സൗകര്യങ്ങൾ, നിർമിത ബുദ്ധി എന്നിവയുടെ സംയോജനം കൂടിയാണ് ഭാവി ഗതാഗത മേഖലയെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സോളർ പാർക്കിനു ദുബായ് തുടക്കമിട്ടു. 2050 ആകുമ്പോഴേക്കും ദുബായിലെ വൈദ്യുതി ഉൽപാദനം പൂർണമായും ശുദ്ധമായ ഊർജ സ്രോതസ്സിൽ നിന്നാകും. വൈദ്യുതി, ജല വിതരണത്തിന്റെ കൃത്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായ സാങ്കേതിക വിദ്യാ പരിഷ്കരണത്തിനു മാത്രമായി 700 കോടി ദിർഹമാണ് ദീവ നിക്ഷേപിച്ചത്