ublnews.com

വിദ്യാർത്ഥികളെ ഉപദ്രവിച്ചാൽ സ്കൂൾ ജീവനക്കാർക്ക് ഒരു വർഷം തടവ് 1 മില്യൺ ദിർഹം പിഴ

വിദ്യാർഥികളെ ഉപദ്രവിക്കുകയോ അവഗണിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന സ്കൂളിനും ജീവനക്കാർക്കും എതിരെ നടപടി കടുപ്പിച്ച് യുഎഇ. ബാലാവകാശ നിയമപ്രകാരം (വദീമ ലോ) കുറ്റക്കാർക്ക് ഒരു വർഷം വരെ തടവും 10 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. കൃത്യത്തിൽ പങ്കുള്ള അധ്യാപകരും മറ്റു ജീവനക്കാരും നടപടി നേരിടേണ്ടിവരും. കുറ്റം ആവർത്തിക്കുന്ന സ്കൂളുകൾ സസ്പെൻഡ് ചെയ്യുകയോ അടച്ചുപൂട്ടുകയോ ചെയ്യും. സർക്കാർ സ്വകാര്യ സ്കൂളുകൾക്കും നിയമം ബാധകമാണ്.

വിദ്യാർഥികൾക്ക് സുരക്ഷിത പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങളിൽനിന്ന് വിദ്യാർഥികളെ രക്ഷിക്കുന്നതിന് ബാലാവകാശ നിയമത്തിൽ കടുത്ത വ്യവസ്ഥകളുണ്ട്. നിയമലംഘനം റിപ്പോർട്ട് ചെയ്യുന്നതിന് ഔദ്യോഗിക ഹോട്ട് ലൈൻ നമ്പറുകളും ഏർപ്പെടുത്തി. ഔപചാരിക മുന്നറിയിപ്പ് അവഗണിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കും. തടവിനു പുറമെ 10,000 മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ഈടാക്കും.

ശാരീരിക ഉപദ്രവം, ഭക്ഷണവും മറ്റു അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കൽ, മോശം പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ, അധ്യാപകർ, ജീവനക്കാർ എന്നിവർക്ക് പിഴയുണ്ടാകും. സ്കൂളുകളിലെ ഭീഷണിപ്പെടുത്തലും ദുരുപയോഗവും വിദ്യാർഥികളുടെ ആത്മവിശ്വാസത്തിലും വ്യക്തിത്വ വികാസത്തിലും ആഴത്തിൽ മുറിവുണ്ടാക്കുമെന്ന് മനഃശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടു. കുട്ടികൾക്കെതിരെയുള്ള ദുരുപയോഗം തടയുക മാത്രമല്ല ദീർഘകാലക്ഷേമം ഉറപ്പാക്കുന്നതിനു കൂടിയാണ് നിയമം കടുപ്പിച്ചത്. ഇത്തരം സംഭവങ്ങളുണ്ടായാൽ ഉടൻ പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

സ്കൂളിൽ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ വിദ്യാർഥികൾക്ക് ഡിജിറ്റലായി നേരിട്ട് അഡ്മിനിസ്ട്രേറ്റർക്ക് പരാതിപ്പെടാം. ഇതിനായി ചില സ്കൂളുകളിൽ എഐ സംവിധാനം ഏർപ്പെടുത്തി. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സംഭവത്തിന്റെ രത്നചുരുക്കം, നടന്ന സമയവും സ്ഥലവും, ഉൾപ്പെട്ട ആളുകൾ എന്നിവ പരാതിയിൽ പ്രതിപാദിച്ചിരിക്കണം. ആവശ്യമെങ്കിൽ വിദ്യാർഥിയെ നേരിൽ കണ്ട് വിശദാംശം തേടാം. പ്രശ്നത്തിൽ ഇടപെട്ട് സ്കൂൾ ഉടൻ പരിഹാരം കണ്ടെത്തണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top