
എമിറേറ്റിൽ 13 തടവുകാരെ ഷാർജ പൊലീസ് മോചിപ്പിച്ചു. സാമ്പത്തിക കേസുകളിൽ ജയിലിൽ കഴിയുന്നവരാണ് മോചിതരായത്. എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പുനരധിവാസവും കുടുംബങ്ങളുമായുള്ള പുന:സംയോജനവും ലക്ഷ്യമിട്ട് ആരംഭിച്ച ഫറജ് ഫണ്ടുമായി കൈകോർത്ത് കട ബാധ്യതകൾ ഷാർജ പൊലീസ് തീർത്തതോടെയാണ് മോചനം സാധ്യമായത്.
പുനിറ്റീവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഡിപാർട്ട് നടത്തിയ 21ാമത് ഫാമിലി ഫോറത്തിൽ ഷാർജ പൊലീസാണ് തടവുകാരുടെ മോചനം സംബന്ധിച്ച് വെളിപ്പെടുത്തിയത്. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ഷാർജ പൊലീസിന്റെ പ്രതിബദ്ധതയാണ് കുടുംബ ഫോറങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ് അൽ നൂർ പറഞ്ഞു. നിയമപരമായ നപടികളിൽ മാത്രം ഒതുങ്ങുന്നതല്ല കുടുംബ ഫോറങ്ങളുടെ പ്രവർത്തനങ്ങളെന്നും മാനസികവും സാമൂഹികവും മാനുഷികവുമായ തലങ്ങളിലേക്കു കൂടി വ്യാപിച്ചുകിടക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയിലിൽ നിന്നുള്ള മോചനം പുതിയ ജീവിതം തുടങ്ങാൻ തടവുകാർക്ക് അവസരം നൽകും. മികച്ച ഭാവി കെട്ടിപ്പടുക്കുവാനും കുടുബപരവും സാമൂഹികവുമായ ഐക്യം ശക്തിപ്പെടുത്താനും ഇത് മോചനം സഹായകമാവും. കുടുംബങ്ങളുമൊത്ത് അൽപനേരം ചെലവിടാനും ഫോറം അനുവദിച്ചിരുന്നു.