ublnews.com

സൗദിയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു; സൗദി പൗരൻ അറസ്റ്റിൽ

സൗദിയിലെ ദമാമിൽ വാക്കുതര്‍ക്കത്തെ തുടര്‍ന്നു മലയാളി യുവാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരം അതിയന്നൂര്‍ ബാലരാമപുരം സ്വദേശി അഖില്‍ അശോക കുമാര്‍ സിന്ധു (28) ആണ് കൊല്ലപ്പെട്ടത്. കേസില്‍ സ്വദേശി പൗരനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇവര്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ദൃസാക്ഷിയായ സുഡാൻ പൗരന്റെ ഇടപെടലാണ് പ്രതിയായ സൗദി പൗരനെ ഉടനടി അറസ്റ്റ് ചെയ്യാൻ സഹായകരമായത്

കഴിഞ്ഞ വെള്ളിയാഴ്ച ദമ്മാമിലെ ബാദിയയിലാണ് സ്വദേശി പൗരനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അഖില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഖത്തീഫില്‍ നിന്നും ബാദിയയിലേക്ക് പോയതാണ് അഖില്‍. എന്നാല്‍ എന്തിനാണ് വാദിയയിലെത്തിയത് എന്നതില്‍ വ്യക്തതയില്ല. എ.സി ടെക്നീഷ്യനായി ഏഴ് വര്‍ഷമായി ദമാമിന് സമീപം ഖത്തീഫില്‍ ജോലി ചെയ്തു വരികയായിരുന്നു അഖില്‍. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും, ദൃക്സാക്ഷിയായ സുഡാനി പൗരൻ പോലീസിനെ വിവരമറിയിച്ചു. സമയോചിതമായി ഇടപെട്ട പോലീസ് പ്രതിയെ ഉടൻ പിടികൂടി അറസ്റ്റ് ചെയ്തു.

സന്ദർശക വിസയിൽ അഖിലിനോടൊപ്പം ഉണ്ടായിരുന്ന ഭാര്യയും അച്ഛനും അമ്മയും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് തിരിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി വിവാഹം കഴിഞ്ഞ് ഇദ്ദേഹം സഊദിയില്‍ തിരിച്ചെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top