
വടകര എം.പിയും കോൺഗ്രസ് നേതാവുമായ ഷാഫി പറമ്പിലിനെ അധിക്ഷേപിച്ച് പാലക്കാട് സിപിഎം ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബു നടത്തിയ പരാമർശത്തിൽ കേസെടുക്കാൻ മടിച്ച് പൊലിസ്. സിപിഎം നേതാവിനെതിരെ നൽകിയ പരാതിയിലാണ് നടപടി വൈകുന്നത്. പരാതിയിൽ നിയമോപദേശം ലഭിച്ച ശേഷം മാത്രം മതി തുടർനടപടി എന്നാണ് പൊലിസിന്റെ നിലപാട്. മൂന്നാം കക്ഷിയാണ് പരാതി നൽകിയിരിക്കുന്നത് എന്നതിനാലാണ് പൊലിസ് ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ കാരണം.
അധിക്ഷേപ പരാമർശം നടത്തിയ സിപിഎം ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി സമർപ്പിച്ചത്. ഈ പരാതി പാലക്കാട് എസ്പി നോർത്ത് പൊലിസിന് കൈമാറും. ശേഷമാകും നിയമോപദേശം തേടൽ. ഇതിൽ കേസെടുക്കാൻ നിർദേശിച്ചാൽ മാത്രമേ പൊലിസ് കേസ് എടുക്കുകയുള്ളൂ.
സുരേഷ് ബാബുവിന്റെ പരാമർശങ്ങൾ സ്ത്രീസമൂഹത്തെ അപമാനിക്കുന്നതാണെന്നും, ഷാഫിയെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതാണെന്നും പരാതിയിൽ ആരോപിക്കുന്നു. ആരോപണങ്ങൾ വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും, മനഃപൂർവം അപമാനിക്കാനാണ് സുരേഷ് ബാബു ഇത്തരം പ്രസ്താവനകൾ നടത്തിയതെന്നും പ്രമോദ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി
അതേസമയം, ഇ.എൻ സുരേഷ് ബാബു ഉന്നയിച്ച ലൈംഗിക ആരോപണത്തെച്ചൊല്ലി സിപിഎമ്മിനുള്ളിൽ അഭിപ്രായ ഭിന്നത ശക്തം. ആരോപണം ഏറ്റെടുക്കാൻ മുതിർന്ന നേതാക്കൾ തയ്യാറാകാത്തതും യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.