ublnews.com

ഷാഫിക്കെതിരെ ആക്ഷേപം; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്

കെ.പി.സി.സി ഉപാധ്യക്ഷനും എം.പിയുമായ ഷാഫി പറമ്പിലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് നോർത്ത് പൊലീസ് എ.സി.പിക്ക് റിപ്പോർട്ട് നൽകി.

അധിക്ഷേപ പരാമര്‍ശത്തിൽ പരാതിക്കാരനായ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി.വി. സതീഷിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് പൊലീസ് നിയമോപദേശം തേടിയപ്പോഴാണ് ബി.എൻ.എസ് 356-ംം വകുപ്പ് നിലനിൽക്കില്ലെന്നും അപകീർത്തിപ്പെടുത്തി എന്ന വകുപ്പ് ചുമത്തി കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട് നൽകിയത്. വേണമെങ്കിൽ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്ന് പൊലീസ് വ്യക്തമാക്കി.‌

ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയ സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി പ്രസിഡൻറ് സി.വി. സതീഷ്, കെ.ആർ. ശരരാജ് (വൈ. പ്രസി.), ഹരിദാസ് മച്ചിങ്ങൽ (ട്രഷറർ), മണ്ഡലം പ്രസിഡൻറുമാരായ എസ്. സേവ്യർ, രമേശ് പുത്തൂർ എന്നിവരാണ് പാലക്കാട് എസ്.പിക്ക് പരാതി നൽകിയത്. കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

ഷാഫി പറമ്പിൽ എം.പിക്കെതിരെ ഗുരുതര ആരോപണവുമായി ഇ.എൻ സുരേഷ് ബാബുവാണ് രംഗത്തെത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഹെഡ്‌മാസ്റ്ററാണ് ഷാഫിയെന്ന് പറഞ്ഞ സുരേഷ് ബാബു, ഹെഡ്‌മാസ്റ്റർ സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിലേക്ക് വിളിക്കുമെന്നും പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ- ‘‘നേതാക്കൾ പേടിക്കുന്നത് വേറെയൊന്നും കൊണ്ടല്ല. ഹെഡ്മാഷ് ആയിട്ടുള്ള ആളാരാണ്? ഇയാളെ എം.എൽ.എ ആക്കാൻ പത്തനംതിട്ടയിൽ നിന്ന് ക്ഷണിച്ചു കൊണ്ടുവന്ന ഷാഫി പറമ്പിലാണ്. രാഹുൽ രാജി​വെക്കണം എന്ന് പറയാൻ ഷാഫി പറമ്പിൽ തയാറാകുമോ? തയ്യാറാകില്ല. കാരണമെന്താ? ഇക്കാര്യത്തിൽ കൂട്ടുകച്ചവടമാണ്. ഇവനെക്കാൾ കൂടുതൽ, ചില ആളുകളെ കാണുമ്പോൾ പരസ്യമായി നേരിട്ട് ചോദിക്കുകയാണെന്നാണ് പറയുന്നത്. അതൊന്നും ഞാൻ ഇവിടെ പറയുന്നില്ല.

സത്യം പറഞ്ഞാൽ അതിശയം തോന്നുകയാണ്. ഒരാളെ നന്നായി കണ്ടാൽ ഹെഡ്മാഷ്, ബംഗളൂരുവിലേക്ക് ട്രിപ്പടിക്കുകയല്ലേയെന്നാണ് ചോദിക്കുന്നത്. അപ്പോൾ പിന്നെ രാഹുലിനെതിരെ എന്തെങ്കിലും മിണ്ടുമോ? ഹെഡ്മാഷിനും മുകളിലുള്ള അധ്യാപകരാണ് ബാക്കിയെല്ലാവരും. അതുകൊണ്ടാണ് ഇയാൾക്കെതിരെ അക്ഷരം മിണ്ടാത്തത്. വി.ഡി. സതീശൻ പുറത്താക്കിയെന്ന് പറയാൻ ഒരു പ്രധാന കാരണമുണ്ട്. അത് ഞങ്ങൾ പിന്നെ വെളിപ്പെടുത്താം. കേറിക്കേറി മുറത്തിൽക്കയറി കൊത്തിയെന്നാണ് കേൾക്കുന്നത്.’’ -സി.പി.എം ജില്ല സെക്രട്ടറി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top