ublnews.com

ശബരിമല സ്വർണ്ണ വിവാദം; ശില്‌പ പാളികൾക്ക് സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെത്തി

ശബരിമലയിലെ ദ്വാരപാലക ശില്‌പങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ്. ദ്വാരപാലക ശില്‌പങ്ങളിലെ പാളികൾക്ക് സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെത്തി. ദേവസ്വം മരാമത്ത് ഓഫീസിൽ നിന്ന് വിജിലൻസാണ് രേഖകൾ കണ്ടെത്തിയത്. 1999ലാണ് വിജയ് മല്യ വഴിപാടായി 30.3 കിലോ സ്വർണം നൽകിയതെന്ന് രേഖകളിൽ വ്യക്തമാക്കുന്നു. ഈ സ്വർണം ഉപയോഗിച്ച് ആ വർഷം തന്നെ ശബരിമലയിലെ മേൽക്കൂര, ശ്രീകോവിൽ, ദ്വാരപാലക ശില്‌പങ്ങൾ എന്നിവയ്ക്ക് സ്വർണം പൂശി.

ഇതിനുശേഷം 2019ലാണ് ദ്വാരപാലക ശില്‌പങ്ങളുടെ പാളിയിലെ സ്വർണത്തിന് മങ്ങലുണ്ടെന്ന് കണ്ടെത്തുന്നത്. തുടർന്ന് വീണ്ടും സ്വർണം പൂശാൻ തീരുമാനിക്കുന്നു. അന്ന് ഉണ്ണികൃഷ്ണൻ പോറ്റിയാണ് പാളികളിൽ സ്വർണം പൂശുന്ന നടപടികൾ ഏറ്റെടുത്തത്. എന്നാൽ അന്ന് തനിക്ക് ചെമ്പ് പാളികളാണ് ലഭിച്ചതെന്നാണ് ഇപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദത്തെ തള്ളുന്നതാണ് പുതിയ രേഖകൾ.അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്‌പങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സ്പോൺസർമാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ രഹസ്യാന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരുവനന്തപുരത്തു മാത്രം കോടികളുടെ ഭൂമി ഇടപാടുകളുണ്ടെന്നാണ് വിവരം. ബ്ലേയ്ഡ് പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം രൂപയുടെ ഭൂമി കച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്.മുൻ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടനിലക്കാരൻ.

സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാൻ വിജിലൻസ് ഉണ്ണികൃഷ്ണൻ പോറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top