
തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് ആശംസനേർന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയ കത്ത് സർക്കാറിനെ കുത്താനുള്ള ആയുധമാക്കാൻ പ്രതിപക്ഷം. സംഘ്പരിവാറിനെതിരെ നേർക്കുനേർ പോരാടുന്നെന്ന് അവകാശപ്പെടുന്ന സി.പി.എം, യോഗിയെ ക്ഷണിച്ചതിൽ അജണ്ടയുണ്ടെന്ന് സ്ഥാപിക്കാനും സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാനുമാണ് കോൺഗ്രസ് ശ്രമം.
മതേതരത്വത്തിന്റെ പൂങ്കാവനമായ ശബരിമലയിലേക്ക് യോഗി ആദിത്യനാഥിനെ പോലെ വര്‍ഗീയത പ്രചരിപ്പിക്കുന്നയാളെ ക്ഷണിച്ചത് കേരളത്തിന്റെ മതേതരമനസ്സിനെ അവഹേളിക്കുന്നതിന് തുല്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത് ഇതിന്റെ ഭാഗമായാണ്. മന്ത്രി വാസവൻ യോഗിയുടെ കത്ത് വേദിയിൽ വായിച്ചത് വിഷയം ചർച്ചയാക്കണമെന്ന ബോധ്യത്തോടെയാണ്. കത്ത് വായിച്ചില്ലായിരുന്നെങ്കിൽ സർക്കാർ യോഗിയെ ക്ഷണിച്ചതോ കത്ത് ലഭിച്ച കാര്യമോ പുറത്തറിയുമായിരുന്നില്ല. ഫലത്തിൽ ആശംസ പുറത്തുവരണമെന്നത് സർക്കാറിന്‍റെ താൽപര്യമായിരുന്നു.
യോഗിയെ യു.പി മുഖ്യമന്ത്രി എന്നതിനപ്പുറം സംഘ്പരിവാർ രാഷ്ട്രീയ-പ്രത്യയശാസ്ത്രത്തിന്‍റെ പ്രതിരൂപമായാണ് ഇന്ത്യയിലെ പ്രതിപക്ഷം കാണുന്നത്. കേരളത്തിലെ സാഹചര്യങ്ങൾ മുൻനിർത്തി ഇതാണ് കോൺഗ്രസ് പ്രശ്നവത്കരിക്കാൻ ശ്രമിക്കുന്നത്. അയ്യപ്പനെ രാഷ്ട്രീയമത്സരത്തിന്‍റെ കരുവാക്കാൻ താൽപര്യമില്ലെന്നും വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്നുമുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ തുറന്നുപറച്ചിൽ മുൻനിർത്തി എൽ.ഡി.എഫിനുള്ളിലെ ഭിന്നതയും കോൺഗ്രസ് ഉന്നംവെക്കുന്നു.
ബി.ജെ.പി നേതൃത്വവും കേരളത്തിലെ സി.പി.എമ്മും തമ്മിലെ അവിഹിത ബന്ധം മറനീക്കി പുറത്തുവന്നെന്നായിരുന്നു എൻ.കെ. പ്രേമചന്ദ്രന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ വോട്ടുതട്ടാനുള്ള കാപട്യം നിറഞ്ഞ നടപടി മാത്രമായിരുന്നു അയ്യപ്പ സംഗമമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു