
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. അൽ മക്തൂം എയർപോർട്ട് റൗണ്ട് എബൗട്ടിന് സമീപം അബുദാബിയിലേക്ക് പോകുന്ന ദിശയിലായിരുന്നു അപകടം. ഡ്രൈവർക്കാണ് പരുക്കേറ്റത്. ഇദ്ദേഹം ഏത് രാജ്യക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ഒരു ട്രക്ക് ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിൽ പോവുകയായിരുന്ന ട്രക്കിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം. ഇടിയുടെ ആഘാതത്തിൽ റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതോടെ അധികൃതർ വാഹനങ്ങൾ മറ്റു വഴികളിലേയ്ക്ക് തിരിച്ചുവിട്ടു.അപകടവിവരം അറിഞ്ഞ ഉടൻ തന്നെ ട്രാഫിക് വിദഗ്ധരെ സംഭവസ്ഥലത്തേക്ക് അയച്ചതായി പൊലീസ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ
ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. ട്രാഫിക് പട്രോളിങ് സംഘം വാഹനങ്ങളെ നിയന്ത്രിക്കുകയും അപകടസ്ഥലം സുരക്ഷിതമാക്കുകയും ആംബുലൻസുകളും രക്ഷാപ്രവർത്തന സേനയും വേഗത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. കേടായ വാഹനം മാറ്റാനും സാധാരണ ഗതാഗതനില പുനഃസ്ഥാപിക്കാനും ഉടൻ നടപടികൾ സ്വീകരിച്ചു.
ക്ഷീണിതരായി വാഹനമോടിക്കുന്നതിൻ്റെ അപകടങ്ങളെക്കുറിച്ച് പൊലീസ് മുന്നറിയിപ്പ് നൽകി. ചെറിയ പിഴവുകൾ പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു. ഉറങ്ങിപ്പോകുന്നത് ജീവഹാനി വരുത്തുന്നതിനും ഗുരുതരമായ പരുക്കുകൾക്കും കാരണമാകുന്ന പ്രധാന അപകടങ്ങളിൽ ഒന്നാണ്.