
ബർ ദുബൈയിൽ മദ്യപിച്ച് വാഹനമോടിച്ചതിനും സ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടാക്കിയതിനും ഡ്രൈവർക്ക് 15,000 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ട് ദുബൈ കോടതി. 42 കാരനായ ഒരു ഏഷ്യൻ പൗരനെയാണ് കോടതി ശിക്ഷിച്ചത്.
കോടതി രേഖകൾ പ്രകാരം, ബർ ദുബൈയിൽ വാഹനമോടിക്കവെ ഇയാൾക്ക് തന്റെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന്, റോഡിൽ നിന്ന് മാറി വാഹനം ഒരു വഴിയരികിലേക്ക് കയറുകയും അഞ്ച് മീറ്റർ സ്ഥലത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലിസ് പ്രതി മദ്യപിച്ചതായി സംശയിച്ചതിനെ തുടർന്ന് ഡ്രൈവറെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി.
മദ്യപിച്ച് വാഹനമോടിക്കൽ, മറ്റുള്ളവരുടെ സ്വത്തിന് കേടുപാട് വരുത്തൽ എന്നിങ്ങനെ രണ്ട് കുറ്റങ്ങളാണ് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയത്. പൊലിസ് റിപോർട്ടുകൾ, പരിശോധന രേഖകൾ, ഡയഗ്രമുകൾ എന്നിവ ഉപയോഗിച്ച് പൊലിസ് കുറ്റം തെളിയിച്ചു.
വിചാരണ വേളയിൽ, പ്രതി കുറ്റം സമ്മതിച്ചു. കുറ്റങ്ങൾ പരസ്പരം ബന്ധപ്പെട്ടതാണെന്ന് കോടതി കണ്ടെത്തി. അതിനാൽ, ജഡ്ജിമാർ കൂടുതൽ ഗുരുതരമായ കുറ്റ കൃത്യത്തിന് ശിക്ഷ വിധിച്ചു. പിഴ, ലൈസൻസ് സസ്പെൻഷൻ, പിഴ അടച്ച് കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ ശേഷം മോചനം എന്നിവയാണ് ശിക്ഷയായി വിധിച്ചത്.