ublnews.com

ബിഹാറില്‍ രാഹുല്‍ ഇഫക്ട് വോട്ടാകുമോ; എന്താവും എന്‍ഡിഎയുടെ രാഷ്ട്രീയ ഭാവി

ഡൽഹി :ബിഹാറില്‍ എന്താവും എന്‍ഡിഎയുടെ രാഷ്ട്രീയ ഭാവി. വീണ്ടും മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും വരുമോ? അതോ ആര്‍ജെഡി നേതാവ് തേജസ്വി ബിഹാറിന്റെ മുഖ്യമന്ത്രിയാവുമോ? ഹിന്ദിഹൃദയഭൂമിയില്‍ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പിന് വേദിയാവുകയാണ് ബിഹാര്‍. ബിജെപി ക്യാംപ് വിട്ട് കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച നിധീഷ് കുമാര്‍. രാജ്യത്തെ ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിച്ച നിധീഷ് കുമാര്‍. ഇന്ത്യാ സഖ്യം എന്ന സ്വപ്ന സഖ്യത്തിന് തുടക്കം കുറിച്ച ബിഹാര്‍ മുഖ്യനെ നേരിടാന്‍ ബിഹാറിന്റെ മണ്ണില്‍ ഇന്ത്യാ സഖ്യം നടത്തുന്ന ഒരുക്കങ്ങള്‍ ലക്ഷ്യം കാണുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്.ബിഹാറിനെ കൂടെ നിര്‍ത്താന്‍ നിതീഷ് ആവശ്യപ്പെട്ടതെല്ലാം നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നണിയെ സംരക്ഷിക്കുന്നത്. കേന്ദ്രസര്‍ക്കാറിനെ താങ്ങി നിര്‍ത്തുന്നതു തന്നെ ബിഹാറാണെന്നാണ് രാഷ്ട്രീയ സത്യാവസ്ഥ.വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം അടക്കമുള്ള പരിഷ്‌ക്കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടു പോകുമ്പോഴും ബിഹാര്‍ ഭരണം നിലനിര്‍ത്തുകയെന്നത് നിലവില്‍ എന്‍ഡിഎയ്ക്ക് അത്ര എളുപ്പമാകില്ല. നിതീഷ് കുമാറിന്റെ ജനപ്രിയതയ്ക്കുണ്ടായ തിരിച്ചടിയും ബിജെപിയുടെ വിശ്വാസത്തകര്‍ച്ചയും ബിഹാര്‍ രാഷ്ട്രീയത്തില്‍ കാറ്റ് തിരിച്ചടിക്കുമോ എന്ന ഭയമാണ് എന്‍ഡിഎ നേതൃത്വത്തെ ബാധിച്ചിരിക്കുന്നത്.
ഇന്ത്യാ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തുന്ന പ്രചാരണ പരിപാടികളും നിതീഷിന്റെ വിജയപ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. ബിഹാറില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ രാഹുലിന്റെ നേതൃത്വത്തില്‍ നടത്തിയ ദിവസങ്ങളോളം നീണ്ടുനിന്ന രാഷ്ട്രീയ പ്രചാരണ യാത്രയുടെ അലയൊലികള്‍ ബീഹാര്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ബിഹാര്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനക്കൂട്ടമാണ് രാഹുലിന്റെ വോട്ട് ചോരി യാത്രയില്‍ പങ്കെടുക്കാനായി എത്തിയത്. ഇതെല്ലാം ബിജെപിയേയും നിതീഷിനേയും ഞെട്ടിച്ചിട്ടുണ്ട്.വാശിയേറിയ തിരഞ്ഞെടുപ്പായിരിക്കും ഇത്തവണ ബിഹാറിലെന്ന് വ്യക്തമായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ട് ചോരി യാത്ര വോട്ടര്‍മാരില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന് ഭരണകക്ഷിക്ക് വ്യക്തമാണ്. രാഹുലിനൊപ്പം ശക്തനായ രാഷ്ട്രീയ നേതാവായി തേജസ്വിയും ബിഹാറി വോട്ടര്‍മാരുടെ മനസില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. രാഹുല്‍ ഉയര്‍ത്തിയ ആരോപണങ്ങളിലൊന്നും ബിജെപിയോ, തിരഞ്ഞെടുപ്പ് കമ്മിഷനോ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടാവാന്‍ പോവുന്ന വലിയ മാറ്റത്തിന്റെ തുടക്കമായി രാഹുലിന്റെ പ്രക്ഷോഭയാത്രയെ കാണുന്നവരുമുണ്ട്.ഇന്ത്യാ സംഖ്യത്തില്‍ കോണ്‍ഗ്രസ് അടക്കം ആറ് പാര്‍ട്ടികളാണ് നിലവിലുള്ളത്. ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, വിഐപി, ജെഎംഎം, എല്‍ജെപി (പരസ്) എന്നിവരാണ് ഇപ്പോള്‍ സഖ്യത്തിലുള്ളത്. കഴിഞ്ഞ തവണ ആര്‍ജെഡി 144 സീറ്റുകളില്‍ മത്സരിച്ചു. കോണ്‍ഗ്രസ് 70 സീറ്റുകളിലാണ് മത്സരിച്ചത്. ഇതില്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകള്‍ കേവലം 19 എണ്ണമായിരുന്നു. ആര്‍ജെഡിക്ക് 75 സീറ്റുകളാണ് കഴിഞ്ഞ തവണ ലഭിച്ചത്. സിപിഐഎംഎല്ലിന് 12 സീറ്റുകളുണ്ട്. ഇന്ത്യാ സഖ്യത്തില്‍ ഘടകകക്ഷിയല്ല സിപിഐഎംഎല്‍. എന്നാല്‍ കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാനുള്ള പിന്തുണ അവര്‍ നല്‍കുന്നതിനുള്ള ധാരണയുണ്ടാക്കും.കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറച്ച് സഖ്യത്തിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുകയെന്ന ലക്ഷ്യത്തിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുക. അങ്ങനെയെങ്കില്‍ 60 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് മാറിയേക്കാം. കൂടുതല്‍ സീറ്റുകളില്‍ ആര്‍ജെഡി മത്സരിക്കുന്നതിന് കോണ്‍ഗ്രസ് പിന്തുണയ്ക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top