ublnews.com

പിണറായി വിജയൻ സർക്കാരിനെ വിശ്വാസമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി

സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിനെ വിശ്വാസമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണ്. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സർക്കാരിന് കഴിയുമായിരുന്നെന്നും എന്നാൽ അവർ ചെയ്തില്ലല്ലോ എന്നും സുകുമാരൻ നായർ ചോദിക്കുന്നു. കോൺഗ്രസിന് വിശ്വാസ പ്രശ്നത്തിൽ ഉറച്ച നിലപാടില്ലെന്നും കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ നിയമമുണ്ടാക്കുമെന്ന് പറഞ്ഞു, എന്നിട്ട് എന്തായി വല്ലതും നടന്നോ? കോൺഗ്രസിനെക്കൊണ്ടും കഴിയില്ല. അതുകൊണ്ട് നേരത്തെ പ്രശ്നങ്ങൾ ഉണ്ടാക്കിയവർ തന്നെ ആ പ്രശ്നങ്ങൾക്ക് അയവ് വരുത്താൻ ശ്രമിച്ചാൽ അവരുടെ ആശയങ്ങളോട് യോജിക്കുന്നതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിനകത്ത് രാഷ്ട്രീയം ഒന്നുമില്ല. ബിജെപിയെക്കൊണ്ടും കോൺഗ്രസിനെക്കൊണ്ടും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. കോൺഗ്രസിന്റെ നിലപാട് എന്താണെന്ന് എല്ലാവർക്കും കൃത്യമായി അറിയാം. അവരുടെ നിലപാട് വിശ്വാസികൾക്ക് അനുകൂലമല്ല’- സുകുമാരൻ നായർ പറഞ്ഞു.

ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പ്രതിനിധി പങ്കെടുത്തതോടെയാണ് സർക്കാരുമായി സമുദായം അടുക്കുകയാണെന്ന സൂചന പുറത്തുവന്നത്. ഇപ്പോൾ ജി സുകുമാരൻ നായർ നയം വ്യക്തമാക്കിയതോടെ വിശ്വാസ വിഷയത്തിൽ സർക്കാരിനെ എൻഎസ്എസ് പരസ്യമായി പിന്തുണയ്ക്കുകയാണെന്ന് വേണം കരുതാൻ. ബദൽ അയ്യപ്പസംഗമത്തിൽ നിന്ന് എൻഎസ്എസ് വിട്ടുനിന്നതും ഈ ചർച്ചയ്ക്ക് ആക്കം കൂട്ടി. ആഗോള അയ്യപ്പ സംഗമം ആളില്ലാ സംഗമമെന്ന പഴിക്കിടെ ബദൽ പരിപാടിയോട് മുഖം തിരിച്ച എൻഎസ്എസ് നിലപാടിൽ സംസ്ഥാന സർക്കാറിന് ഏറെ പ്രതീക്ഷയാണുള്ളത്. എന്നാൽ എൻഎസ്എസിന്റെ ഈ നിലപാടിൽ കോൺഗ്രസ് എങ്ങനെ നീങ്ങുമെന്ന് കണ്ടറിയണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top