ublnews.com

ദുബായ് ഡ്യൂട്ടി ഫ്രീ; മൊബൈൽ കടയിലെ ജീവനക്കാരനായ മലയാളിക്ക് ഏഴര കോടി സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ സീരീസ് 517 നറുക്കെടുപ്പിൽ മൊബൈൽ ഫോൺ സ്ഥാപനത്തിലെ ജീവനക്കാരനായ മലയാളി പ്രവാസിക്ക് 10 ലക്ഷം ഡോളർ (ഏകദേശം 7.5 കോടി രൂപ) ലഭിച്ചു. ദുബായിൽ തയ്യൽക്കാരനായ മലയാളി കുഞ്ഞുമൊയ്തീൻ മടക്കന് (52) ആഡംബര കാറും സമ്മാനമായി ലഭിച്ചു.‌

അജ്മാനിൽ താമസിക്കുന്ന സുഭാഷ് മഠം (48) ആണ് ഏഴര കോടി രൂപ നേടിയ ഭാഗ്യശാലി. ടിക്കറ്റ് നമ്പർ 2550ന് ആയിരുന്നു സമ്മാനം. സെപ്റ്റംബർ 12ന് ഓൺലൈനായി എടുത്ത ടിക്കറ്റാണ് സുഭാഷിനെ കോടീശ്വരനാക്കിയത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കോൺകോഴ്സ് സിയിൽ ഇന്ന് (ഒന്ന്) നടന്ന നറുക്കെടുപ്പിലാണ് വിജയിയെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ 14 വർഷമായി അജ്മാനിലെ വ്യവസായമേഖലയിലെ മൊബൈൽ കടയിൽ ജോലി ചെയ്യുകയാണ് സുഭാഷ്. ഒരു കുട്ടിയുടെ അച്ഛനായ ഇദ്ദേഹം കഴിഞ്ഞ രണ്ട് വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സ്ഥിരമായി ടിക്കറ്റ് എടുക്കാറുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീക്ക് ഒരുപാട് നന്ദിയുണ്ടെന്നും ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ലെന്നും സമ്മാന വിവരം അറിഞ്ഞ ശേഷം അദ്ദേഹം പ്രതികരിച്ചു.

കുഞ്ഞുമൊയ്തീൻ ഫൈനസ്റ്റ് സർപ്രൈസ് സീരീസ് 639ൽ ബിഎംഡബ്ല്യു എസ് 1000 ആർ (എം പാക്കേജ്) മോട്ടർ ബൈക്കാണ് സ്വന്തമാക്കിയത്. ആറ് വർഷമായി നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നയാളാണ് മൂന്ന് കുട്ടികളുടെ അച്ഛനായ ഇദ്ദേഹം.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഈ സമ്മാന പദ്ധതിയിൽ 10 ലക്ഷം ഡോളർ നേടുന്ന 260-ാമത്തെ ഇന്ത്യൻ പൗരനാണ് സുഭാഷ്. ഏറ്റവും കൂടുതൽ സമ്മാനം നേടുന്നതും നറുക്കെടുപ്പിൽ പങ്കെടുക്കുന്നതും ഇന്ത്യക്കാർ തന്നെയാണ്. മില്ലേനിയം മില്യനയർ നറുക്കെടുപ്പിന് പിന്നാലെ നടന്ന ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ രണ്ട് ആഡംബര വാഹനങ്ങളും ഒരു മോട്ടർബൈക്കും സമ്മാനമായി നൽകി.

പീത്ര സ്റ്റെഫാൻ എന്ന ഫ്രഞ്ച് പൗരൻ ഫൈനസ്റ്റ് സർപ്രൈസ് സീരീസ് 1934ൽ ലാൻഡ് റോവർ ഡിഫെൻഡർ 110 വി8 എച്ച്എസ്ഇ പി525 (ഫ്യൂജി വൈറ്റ്) കാർ സമ്മാനം നേടി. സെപ്റ്റംബർ 13ന് ഓൺലൈനിലൂടെയാണ് ടിക്കറ്റ് എടുത്തത്.

‌ദുബായിൽ താമസിക്കുന്ന ബ്രിട്ടിഷ് പൗരൻ സയ്യിദ് സുലൈമാൻ (31) ഫൈനസ്റ്റ് സർപ്രൈസ് സീരീസ് 638ൽ ഇന്ത്യൻ 101 സ്കൗട്ട് (സസെറ്റ് റെഡ് മെറ്റാലിക്) മോട്ടർ ബൈക്ക് നേടി. ആദ്യമായി ടിക്കറ്റ് എടുത്ത സയ്യിദ് ദുബായ് വിമാനത്താവളത്തിലെ ഹോം ഗ്രോൺ ബിസിനസുകൾക്ക് പിന്തുണ നൽകുന്ന എമിറാത്തി ഹബ്ബിലെ മാർക്കറ്റിങ് തലവൻ ആണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top