
ദുബായിക്കു പിന്നാലെ അബുദാബിയിലും ട്രാം വരുന്നു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം ഗ്ലോബൽ റെയിൽ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സായിദ് രാജ്യാന്തര വിമാനത്താവളം, യാസ് ഐലൻഡ്, അൽറാഹ, ഖലീഫ സിറ്റി എന്നിവിടങ്ങളെ ബന്ധിപ്പിച്ചാകും ട്രാം സർവീസ്.
3 ഘട്ടമായി നിർമിക്കുന്ന ട്രാമിലെ ആദ്യ ഘട്ടം യാസ് ഐലൻഡിലെ യാസ് ഗേറ്റ് വേയിൽനിന്ന് ആരംഭിച്ച് ദ്വീപിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഫെറാറി വേൾഡ്, യാസ് മറീന സർക്യൂട്ട്, യാസ് ബേ തുടങ്ങിയവയെ ബന്ധിപ്പിക്കും. താമസ കേന്ദ്രങ്ങളിലേക്കും വിമാനത്താവളത്തിലേക്കും വ്യാപിപ്പിക്കുന്നതാണ് രണ്ടും മൂന്നും ഘട്ടങ്ങൾ. സേവനം ആരംഭിച്ചാൽ 5 മിനിറ്റ് ഇടവേളകളിൽ ട്രാം എത്തും. ഒരു ട്രാമിൽ 600 പേർക്കു യാത്ര ചെയ്യാം.
അബൂദബി ലൈറ്റ് റെയിൽ പദ്ധതി(എൽ.ആർ.ടി)ക്ക് മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും അംഗീകാരം ലഭിച്ചതായും ഇത് മൂന്ന് ഘട്ടങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും എ.ഡി.ടി അറിയിച്ചു. നിർമാണം പൂർത്തിയാകുന്നത് സംബന്ധിച്ച ഔദ്യോഗിക സമയപരിധി വ്യക്തമാക്കിയിട്ടില്ല. ട്രാം പാതയുടെ വിശദാംശങ്ങൾ കാണിക്കുന്ന ഒരു ഭൂപടം ആഗോള റെയിൽ സമ്മേളനത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പുറമെ താമസ മേഖലകളും വിമാനത്താവളവും ഉൾകൊള്ളുന്ന ശൃഖലയാണ് പാതയിലുള്ളത്.