
ഡോണൾഡ് ട്രംപിന്റെ ഇന്ത്യ വിരുദ്ധ പ്രസ്താവനയോട് മൗനം പാലിച്ച് വിദേശകാര്യമന്ത്രാലയം. എസ് ജയശങ്കർ യുഎന്നിൽ നടത്തുന്ന പ്രസംഗത്തിൽ യുക്രെയിൻ യുദ്ധം ഇന്ത്യ നടത്തുന്നതാണെന്ന വിമർശനത്തിന് മറുപടി നല്കിയേക്കും. ഇതിനിടെ ഡോണൾഡ് ട്രംപിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇടയിൽ കുടിക്കാഴ്ചയ്ക്കുള്ള സാധ്യത. രണ്ടു രാജ്യങ്ങളും ആരായുന്നതായാണ് സൂചന. യുഎന്നിൽ ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ ഉന്നയിച്ച വിമർശനത്തിൽ വലിയ കാര്യമില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. യുക്രെയിൻ യുദ്ധത്തിന് ഇന്ത്യയും ചൈനയും എണ്ണ വാങ്ങി സഹായം നല്കുന്നു എന്നത് ട്രംപും യുഎസ് നേതാക്കളും സ്ഥിരമായി ഉയർത്തുന്ന ആരോപണമാണ്. ഇന്ത്യ പാകിസ്ഥാൻ യുദ്ധം അടക്കം ഏഴു യുദ്ധങ്ങൾ താൻ നിറുത്തി എന്ന ട്രംപിൻറെ അവകാശവാദത്തെയും ഗൗരവമായി കാണേണ്ടതുണ്ടോ എന്നാണ് വിദേശകാര്യമന്ത്രാലയത്തിലെ വിലയിരുത്തൽ
ഈ വ്യത്യാസങ്ങൾ നില്ക്കുമ്പോഴാണ് ഇന്ത്യയ്ക്കും യുഎസിനും ഇടയിലെ വ്യപാര ചർച്ചകൾ വീണ്ടും തുടങ്ങിയിരിക്കുന്നത്. പിയൂഷ് ഗോയൽ അമേരിക്കൻ വാണിജ്യ പ്രതിനിധിയുമായി നടത്തിയ ചർച്ചയിൽ നവംബറോടെ കരാറിന് അന്തിമ രൂപം നല്കാനണ് ധാരണയിലെത്തിയത്. അതിനാൽ ട്രംപിൻറെ പ്രസ്താവന ചർച്ചകളെ ബാധിക്കില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. യൂറോപ്യൻ രാജ്യങ്ങൾ റഷ്യയുമായുള്ള വ്യാപാരം തുടരുന്നു എന്ന് ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഇന്ത്യയും നേരത്തെ മുതൽ ഉന്നയിക്കുന്ന വിഷയമാണ്. യുഎന്നിൽ എസ് ജയശങ്കർ സംസാരിക്കുമ്പോൾ ട്രംപിന് ഇന്ത്യ റഷ്യ ബന്ധത്തിൻറെ കാര്യത്തിലെങ്കിലും മറുപടി നല്കാനാണ് സാധ്യത.
മേധാവിത്വത്തിനുള്ള ശ്രമങ്ങളെ ഇന്ത്യയും ചൈനയും ഒന്നിച്ചു നിന്ന് എതിർക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫിയോംഗ് ഇന്നലെ പറഞ്ഞിരുന്നു. വ്യാപാര വിഷയത്തിടക്കം ഒന്നിച്ചു നില്ക്കണം എന്നാണ് നിർദ്ദേശം. എന്നാൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത ആരായുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ നല്കുന്ന സൂചന. അടുത്ത മാസം നടക്കുന്ന ആസിയാൻ ഉച്ചകോടിക്കിടെ ഇത് നടന്നേക്കാം