
ദുബായിലെ ടാക്സി ഡ്രൈവർമാർക്കുള്ള സൗകര്യം വർധിപ്പിക്കുന്നതിനായി പുതിയ പാർക്കിങ് ഇടങ്ങൾ മാത്രമല്ല, ചില പാർക്കിങ് സോണുകൾക്കുള്ളിൽ വിശ്രമിക്കാനുള്ള സ്ഥലങ്ങളും ഉണ്ടാകും. ദുബായിലെ പണം ഈടാക്കുന്ന പൊതു പാർക്കിങ് സൗകര്യങ്ങൾ നൽകുന്ന ഏറ്റവും വലിയ സ്ഥാപനമായ പാർക്കിൻ കമ്പനി പിജെഎസ്സിയും ദുബായ് ടാക്സി കമ്പനിയും തമ്മിൽ 2025ലെ ജിടെക്സ് ഗ്ലോബലിൽ ഒപ്പുവച്ച കരാറിനെ തുടർന്നാണിത്.
ദുബായിലെ തിരക്കേറിയ വാണിജ്യ ജില്ലകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ അഞ്ച് പുതിയ മൾട്ടി-സ്റ്റോറി കാർ പാർക്കിങ് കെട്ടിടങ്ങൾ നിർമിക്കുമെന്ന് പാർക്കിൻ കമ്പനി സിഇഒ മുഹമ്മദ് അൽ അലി പ്രഖ്യാപിച്ചു. നിർമിക്കാൻ പോകുന്ന അഞ്ച് പാർക്കിങ് കെട്ടിടങ്ങളിൽ ഒരെണ്ണം ബർ ദുബായിലെ അൽ സൂഖ് അൽ കബീറിൽ ഇപ്പോൾ നിർമാണത്തിലാണ്.