
പ്രമുഖ ചൈനീസ് ഫുഡ് ഡെലിവറി കമ്പനിയായ കീറ്റയുമായി കരാറിൽ ഒപ്പുവെച്ച് യുഎഇ നിക്ഷേപ മന്ത്രാലയം. യുഎഇയിൽ കമ്പനിയുടെ ഓഫീസ് സ്ഥാപിക്കാനും ഡിജിറ്റൽ കൊമേഴ്സിന്റെയും എഐ-അധിഷ്ഠിത ലോജിസ്റ്റിക്സിന്റെയും സാധ്യതകൾ വിപുലീകരിക്കാനുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
കരാർ പ്രകാരം, അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ കീറ്റ യുഎഇയിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്തും. ഇതിന്റെ ഭാഗമായി 350-ലധികം ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ 5,000-ത്തിലധികം യുഎഇ ആസ്ഥാനമായുള്ള ചെറുകിട ഇടത്തര വ്യവസായങ്ങളെ കീറ്റയുടെ പ്ലാറ്റ്ഫോമിലേക്ക് കൂട്ടിച്ചേർക്കും. ഇതിനുപുറമേ ഡ്രോണുകളും ഓട്ടോണമസ് വാഹനങ്ങളും ഉൾപ്പെടുത്തി കീറ്റ എഐ-അധിഷ്ഠിത അവസാന മൈൽ ലോജിസ്റ്റിക്സും അവതരിപ്പിക്കും. കൂടാതെ പരിശീലന പരിപാടികളും നൂതനാശയ വർക്ക്ഷോപ്പുകളും ആരംഭിക്കും.
ഫെഡറൽ, എമിറേറ്റ് തലങ്ങളിലെ അധികാരികളുമായി ചേർന്നുള്ള കീറ്റയുടെ പ്രവർത്തനം യുഎഇ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കും. രാജ്യത്തെ ചട്ടക്കൂടുകൾക്ക് കീഴിൽ നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യാനും കീറ്റ ശ്രമം നടത്തുന്നുണ്ട്.
യുഎഇ 2031 വിഷനും ദേശീയ ഡിജിറ്റൽ സാമ്പത്തിക തന്ത്രത്തിനും അനുസൃതമായാണ് കീറ്റയുമായുള്ള യുഎഇയുടെ പങ്കാളിത്തം. ആഗോള നിക്ഷേപത്തിന്റേയും സാങ്കേതികവിദ്യ നയിക്കുന്ന വാണിജ്യത്തിന്റേയും കേന്ദ്രമാക്കി യുഎഇയെ മാറ്റുന്നതിന്റെ ഭാഗമായാണ് ഈ കൂട്ടുകെട്ട്.