ublnews.com

കുട്ടികൾക്ക് പീഡനം; യുഎഇ ഓപ്പറേഷനിൽ 188 പേർ അറസ്റ്റിൽ

ഓൺലൈനിലൂടെ കുട്ടികളെ ലൈം​ഗീക ചൂഷണം ചെയ്യുന്ന രാജ്യാന്തര ക്രിമിനൽ സംഘത്തെ പിടികൂടി യുഎഇ. യുഎഇ ആഭ്യന്തര മന്ത്രാലയം വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളുമായി ചേർന്ന് നടത്തിയ രാജ്യാന്തര ഓപ്പറേഷനിൽ ലോകത്തെ 14 രാജ്യങ്ങളിൽ നിന്നായി 188 പേരെ അറസ്റ്റ് ചെയ്തു. ഈ ഓപ്പറേഷനിലൂടെ 165 കുട്ടികളെയാണ് സൈബർ കുറ്റവാളികളിൽ നിന്ന് രക്ഷപ്പെടുത്തിയത്.

ഓൺലൈൻ ബാലപീഡനം തടയുന്നതിനുള്ള യുഎഇയുടെ ശക്തമായ നിലപാടിന്റെ ഭാഗമായാണ് ‘ഷീൽഡ് ഓഫ് ഹോപ്’ എന്ന് പേരിട്ട ദൗത്യം. റഷ്യ, ഇന്തൊനീഷ്യ, ബെലാറസ്, സെർബിയ, കൊളംബിയ, തായ്‌ലൻഡ്, നേപ്പാൾ, പെറു, ബ്രസീൽ, ഫിലിപ്പീൻസ്, കിർഗിസ്ഥാൻ, ഇക്വഡോർ, മാലദ്വീപ്, ഉസ്ബെക്കിസ്താൻ എന്നിവിടങ്ങളിലെ പൊലീസ് ഏജൻസികളുമായി സഹകരിച്ചാണ് റെയ്ഡുകൾ നടന്നത്.

ഈ രാജ്യങ്ങളിലെ ഇന്റർപോൾ, മറ്റ് രാജ്യാന്തര ഏജൻസികളുടെ സഹായവും ദൗത്യത്തിനുണ്ടായിരുന്നു. അന്വേഷണത്തിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനും അവരുടെ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കാനും ഉപയോഗിച്ച നൂറുകണക്കിന് ഡിജിറ്റൽ അക്കൗണ്ടുകൾ കണ്ടെത്തി. ഈ വിവരങ്ങൾ അതത് രാജ്യങ്ങളിലെ ഏജൻസികൾക്ക് കൈമാറിയ ശേഷമാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്.

റെയ്ഡിനിടെ, 28 ക്രിമിനൽ നെറ്റ്‌വർക്കുകളാണ് യുഎഇ സൈബർ പട്രോൾ യൂണിറ്റുകളുടെ നിരീക്ഷണത്തിൽ കണ്ടെത്തി തകർത്തത്. രക്ഷപ്പെടുത്തിയ കുട്ടികൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുന്നതിനായി വിവിധ രാജ്യങ്ങളിലെ ഏജൻസികളുമായി സഹകരിച്ച് പ്രത്യേക പുനരധിവാസ പദ്ധതികളും നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി യുഎഇ.യിൽ കർശനമായ നിയമങ്ങളുണ്ട്. കുട്ടികളെ സംബന്ധിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 116111 എന്ന നമ്പറിൽ അറിയിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top