
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാൻ ഉയർത്തിയ 172 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യയെത്തി. ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം. അഭിഷേക് ശർമ– ശുഭ്മൻ ഗിൽ ഓപ്പണിങ് സഖ്യം നേടിയ സെഞ്ചറി കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. 39 പന്തുകൾ നേരിട്ട അഭിഷേക്, അഞ്ച് സിക്സും ആറു ഫോറും ഉൾപ്പടെ 74 റൺസെടുത്തു. 28 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ 47 റൺസ് നേടി പുറത്തായി. ഇരുവരുടേയും പുറത്താകലിനു ശേഷം മധ്യനിര ഒന്നു പതറിയെങ്കിലും ഹാർദിക് പാണ്ഡ്യയും (ഏഴ്) തിലക് വർമയും (19 പന്തിൽ 30) ചേർന്ന് ഇന്ത്യയുടെ വിജയ റൺസ് കുറിക്കുകയായിരുന്നു.
39 പന്തുകൾ നേരിട്ട അഭിഷേക്, അഞ്ച് സിക്സും ആറു ഫോറും ഉൾപ്പടെ 74 റൺസെടുത്തു. 28 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ 47 റൺസ് നേടി പുറത്തായി. ഇരുവരുടേയും പുറത്താകലിനു ശേഷം മധ്യനിര ഒന്നു പതറിയെങ്കിലും ഹാർദിക് പാണ്ഡ്യയും (ഏഴ്) തിലക് വർമയും (19 പന്തിൽ 30) ചേർന്ന് ഇന്ത്യയുടെ വിജയ റൺസ് കുറിക്കുകയായിരുന്നു.
105 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓപ്പണർമാർ ഇന്ത്യയ്ക്കു സമ്മാനിച്ചത്. 4.4 ഓവറിൽ 50 പിന്നിട്ട ഇന്ത്യ പവർപ്ലേയിൽ നേടിയത് 69 റൺസ്. ഷഹീൻ അഫ്രീദിയുടെ ആദ്യ പന്തു തന്നെ പുൾ ചെയ്ത് സിക്സർ പറത്തിയാണ് അഭിഷേക് തുടങ്ങിയത്. 24 പന്തുകളിൽ താരം അർധ സെഞ്ചറി ആഘോഷിച്ചു. പാക്കിസ്ഥാനെതിരെ ഇന്ത്യൻ താരത്തിന്റെ വേഗതയേറിയ അർധ സെഞ്ചറിയാണിത്. 2012 ൽ 25 പന്തിൽ അർധ സെഞ്ചറിയിലെത്തിയ യുവരാജ് സിങ്ങിനെയാണ് അഭിഷേക് പിന്തള്ളിയത്. സ്കോർ 105ൽ നിൽക്കെ ശുഭ്മൻ ഗില്ലിനെ ഫഹീം അഷറഫ് ബോൾഡാക്കി. തൊട്ടുപിന്നാലെ വമ്പനടിക്കു ശ്രമിച്ച സൂര്യകുമാർ യാദവിനെ നേരിട്ട മൂന്നാം പന്തില്‍ അബ്രാർ അഹമ്മദ് ക്യാച്ചെടുത്തു പുറത്താക്കി.
അഞ്ച് സിക്സുകളും ആറ് ഫോറുകളുമാണ് അഭിഷേക് ശർമ പാക്കിസ്ഥാനെതിരെ അടിച്ചുകൂട്ടിയത്. 13–ാം ഓവറിൽ പാക്ക് സ്പിന്നർ അബ്രാർ അഹമ്മദിന്റെ ഗൂഗ്ലി സിക്സർ പറത്താൻ നോക്കിയ അഭിഷേകിനു പിഴച്ചു. ലോങ് ഓണിൽ ഹാരിസ് റൗഫ് ക്യാച്ചെടുത്ത് അഭിഷേക് മടങ്ങി.
തിലക് വർമയ്ക്കൊപ്പം ചേർന്ന് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകാൻ സഞ്ജു സാംസൺ ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. ഹാരിസ് റൗഫിന്റെ പന്തിൽ ബോൾഡായി സഞ്ജു (13 പന്തിൽ 17) മടങ്ങി. ഷഹീൻ അഫ്രീദിയുടെ 19–ാം ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി കടത്തി തിലക് വർമയാണ് ഇന്ത്യയുടെ വിജയ റൺസ് കുറിച്ചത്. വിജയത്തിനു ശേഷം ഇന്ത്യൻ ബാറ്റര്‍മാർ പാക്ക് താരങ്ങളുമായി ഹസ്തദാനത്തിനു നിൽക്കാതെ മടങ്ങി.