ublnews.com

ഇവി ചാർജിംഗ് സൗകര്യങ്ങൾ വികസിപ്പിക്കാനൊരുങ്ങി ഖത്തർ

ദോഹ: ഖത്തറിന്റെ ഇലക്ട്രിക് വാഹന (ഇവി) മേഖലയിലെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ പുരോഗതി എടുത്തുകാണിച്ചിരിക്കുകയാണ് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനിലെ (കഹ്റമ) ഇലക്ട്രിക് വെഹിക്കിൾ യൂണിറ്റിന്റെ തലവൻ എൻജിനീയർ മുഹമ്മദ് ഖാലിദ് അൽ ശർശാനി. നിലവിൽ രാജ്യത്ത് ഏകദേശം 200 ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തർശീദ് സ്മാർട്ട് ഇവി ചാർജിംഗ് പ്രോഗ്രാമിന്റെ കീഴിൽ ആരംഭിച്ച ഈ സംരംഭം, ഖത്തറിന്റെ ​ഗ്രീൻ മൊബിലിറ്റിയിലേക്കുള്ള മാറ്റത്തെ പിന്തുണയ്ക്കുന്ന ഒരു പൂർണ്ണമായ ദേശീയ തന്ത്രമായി മാറിയതായി അൽ ശർശാനി കൂട്ടിച്ചേർത്തു. അടുത്തിടെ ഖത്തർ ടിവിയോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തർശീദ് സ്മാർട്ട് ഇവി ചാർജിംഗ് ആപ്പ് ഉപയോക്താക്കൾക്ക് ചാർജിംഗ് സ്റ്റേഷനുകളുടെ സ്ഥാനം, വാഹനങ്ങളുടെ അനുയോജ്യത, ചാർജിംഗ് ഹിസ്റ്ററി, സംരക്ഷിച്ച സ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കും. ഖത്തറിന്റെ ഭൂപടം പ്രദർശിപ്പിക്കുന്ന ഈ ആപ്പിൽ, ചാർജിങ്ങ് സ്പോട്ടുകളുടെ ലഭ്യത വിവിധ നിറങ്ങളിൽ സൂചിപ്പിക്കുന്നു.

നിലവിൽ, ദോഹയിലും വടക്കൻ ഖത്തറിലും ചാർജിംഗ് സ്റ്റേഷനുകൾ വ്യാപകമായിട്ടുണ്ട്. അതേസമയം, വരും ഘട്ടങ്ങളിൽ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ മേഖലകളിലേക്ക് വിപുലീകരണം പദ്ധതിയിട്ടിട്ടുണ്ട്.

ഖത്തർ നാഷണൽ വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി, പാരിസ്ഥിതിക സുസ്ഥിരതയ്ക്കും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഖത്തർ പ്രതിജ്ഞാബദ്ധമാണ്. ചാർജിംഗ് സൗകര്യങ്ങളുടെ വിപുലീകരണം കൂടുതൽ പേരെ ഇലക്ട്രിക് വാഹനങ്ങൾ ഉപയോ​ഗിക്കാൻ പ്രോത്സാഹിപ്പിക്കും. ഇത് വഴി കാർബൺ ഉദ്വമനം കുറയ്ക്കാനും നഗരങ്ങളിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top