ublnews.com

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി തുടർന്ന് യുഎഇ

2024ലും ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി തുടർന്ന് യുഎഇ. സഊദി അറേബ്യ, യുഎസ്, തായ്‌ലൻഡ്, സിംഗപ്പൂർ, യുകെ, ഖത്തർ, കാനഡ, കുവൈത്ത്, ഒമാൻ എന്നിവയാണ് തൊട്ടു പിന്നിലുള്ള രാജ്യങ്ങൾ. 2024-ലെ ഇന്ത്യൻ പൗരന്മാരുടെ വിദേശ യാത്രകളുടെ (INDs) ഏകദേശം 71.1 ശതമാനവും ഈ പത്ത് രാജ്യങ്ങളിലേക്കായിരുന്നു.

ഇന്ത്യൻ പൗരന്മാർ പ്രധാനമായും വിനോദത്തിനും വിശ്രമത്തിനുമായാണ് (42.5%) വിദേശ യാത്രകൾ നടത്തിയതെന്ന് ടൂറിസം മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യ ടൂറിസം ഡാറ്റ കമ്പൻഡിയം 2025-ലെ വിവരങ്ങൾ വ്യക്തമാക്കുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട യാത്രൾ (34.6%). ബിസിനസ്, തൊഴിൽ സംബന്ധമായ യാത്രകൾ (14.9%), തീർത്ഥാടനം (3.9%), വിദ്യാഭ്യാസം (2.4%), മറ്റ് ആവശ്യങ്ങൾ (1.4%) എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.

“കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ ഇന്ത്യൻ പൗരന്മാരുടെ വിദേശ യാത്രകളിൽ വളരെയധികം വളർച്ച ഉണ്ടായിട്ടുണ്ട്. 1991-ൽ ഇത് 19 ലക്ഷമായിരുന്നു. എന്നാൽ, 2024-ൽ ഇത് 308 ലക്ഷമായി ഉയർന്നു, ഇത് 8.7ശതമാനത്തിന്റെ വാർഷിക വളർച്ചാ നിരക്കാണ് (CAGR) കാണിക്കുന്നത്” കമ്പൻഡിയത്തിൽ വ്യക്തമാക്കുന്നു.

2020-ൽ കോവിഡ്-19 മഹാമാരിക്കാലത്ത് യാത്രകളിൽ 73 ശതമാനം ഇടിവ് ഉണ്ടായെങ്കിലും, നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ശക്തമായ തിരിച്ചുവരവ് ആരംഭിച്ചു. 2022-ൽ 152.6 ശതമാനം വർധനയോടെ യാത്രകൾ മഹാമാരിക്ക് മുമ്പുള്ള നിലവാരം 2023-ൽ മറികടന്നു, 278 ലക്ഷത്തിലെത്തി. ഇത് വർഷം തോറും 29 ശതമാനത്തിന്റെ വർധനവാണ്.

2024ലും ഇന്ത്യ ഉയർച്ചയുടെ പാത തുടർന്നു, മുൻ വർഷത്തേക്കാൾ 10.7 ശതമാനം വളർച്ച രേഖപ്പെടുത്തി. വരുമാനത്തിലെ വർധനവ്, മികച്ച കണക്റ്റിവിറ്റി, ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കൂടുതൽ എളുപ്പത്തിലുള്ള പ്രവേശനം എന്നിവ ഇന്ത്യൻ പൗരന്മാർ കൂടുതലായി വിദേശ യാത്രകൾ നടത്തുന്നതിന് കാരണമായ ഘടകങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top