
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്യുടെ അമ്മ ഡോ. കമൽതായ് ഗവായ് (86) ആർഎസ്എസ് ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതായി സൂചന. മഹാരാഷ്ട്രയിലെ അമരാവതിയിൽ ഒക്ടോബർ 5ന് ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ നടത്തുന്ന ചടങ്ങിലേക്കാണു ക്ഷണിച്ചത്. അമ്മ ക്ഷണം സ്വീകരിച്ചതായി ഇളയ മകൻ ഡോ. രാജേന്ദ്ര ഗവായ് പറഞ്ഞതിനു പിന്നാലെയാണു ചടങ്ങിൽ പങ്കെടുക്കില്ലെന്നു വ്യക്തമാക്കി കമൽതായിയുടെ പേരിലുള്ള കത്ത് പുറത്തുവന്നത്.
‘‘അമരാവതിയിലെ ആർഎസ്എസ് ചടങ്ങുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. ഞാൻ അംബേദ്കറുടെ ആദർശങ്ങളിൽ വിശ്വസിക്കുന്നയാളാണ്. ആർഎസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയെ പിന്തുണയ്ക്കുകയോ പങ്കെടുക്കുകയോ ചെയ്യില്ല. തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് അഭ്യർഥിക്കുന്നു’’ – കമൽതായ്യുടെ പേരിൽ പുറത്തുവന്ന കത്തിൽ പറയുന്നു.