
ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാനായിട്ടില്ലെന്നും ഹമാസിനെ ഇല്ലാതാക്കുന്നതുവരെ അത് തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. യു.എൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന ലോകരാജ്യങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും അഭിപ്രായങ്ങൾ അദ്ദേഹം തള്ളി. അത് തെറ്റായ ആരോപണമാണെന്നുപറഞ്ഞ നെതന്യാഹു, ഇസ്രായേൽ നടത്തുന്നത് സ്വയം പ്രതിരോധം മാത്രമാണെന്ന് അവകാശപ്പെട്ടു.
ഫലസ്തീൻ രാഷ്ട്രമെന്ന ആശയത്തെ ഇസ്രായേൽ പ്രധാനമന്ത്രി തള്ളി. ‘ജറൂസലമിന് ഒരു മൈൽ അകലെ ഫലസ്തീൻ രാഷ്ട്രത്തിന് അനുമതി നൽകുന്നത് സെപ്റ്റംബർ 11നുശേഷം ന്യൂയോർക്കിൽ അൽഖാഇദക്ക് ഇടംകൊടുക്കുന്നതു പോലെയാണ്’ -അദ്ദേഹം പറഞ്ഞു. ഇതു കേട്ടപ്പോൾ സദസ്സിലുണ്ടായിരുന്ന യു.എസ് പ്രതിനിധി സംഘം എഴുന്നേറ്റു നിന്ന് കൈയടിക്കുന്നുണ്ടായിരുന്നു.