
കൊച്ചി: നവംബറില്‍ നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിനെ നടന് ഉണ്ണി മുകുന്ദന് നയിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാൾ പഞ്ചാബി ഭോജ്പുരി തുടങ്ങി 8 ഭാഷാചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്.
കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനം നടത്തിയ കേരള സ്ട്രൈക്കേഴ്സ് 2014ലും 2017ലും സി സി എല്ലിൽ റണ്ണേഴ്സപ്പായിരുന്നു. ഇത്തവണ പഴയ മുഖങ്ങൾക്കൊപ്പം പുതു മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക.
കേരള സ്ട്രൈക്കേഴ്സിന്റെ സഹ ഉടമയായ രാജ്കുമാർ സേതുപതിയാണ് ഉണ്ണി മുകുന്ദനെ കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്. ക്രിക്കറ്റിനോടുള്ള ഉണ്ണി മുകുന്ദന്റെ പാഷൻ തന്നെയാണ് ഉണ്ണിയെ ക്യാപ്റ്റനായി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് രാജ്കുമാര് സേതുപതി പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ തുടക്കം മുതൽ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ഭാഗമായിരുന്നു ഉണ്ണി മുകുന്ദൻ. ടൂർണമെന്റുകളിലും വിവിധ ക്ലബ്ബുകളിലും കളിച്ച പരിചയവും ക്രിക്കറ്റിനെക്കുറിച്ച് നല്ല ധാരണയുമുള്ള ചെറുപ്പക്കാരനാണ് ഉണ്ണി മുകുന്ദനെന്ന് രാജ്കുമാർ സേതുപതി പറഞ്ഞു