
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വേണ്ടിവന്നാല്‍ സമരത്തിന്റെ പാതയിലേക്കു തന്നെ പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തണമെന്നും ഒരു വിട്ടുവീഴ്ചക്കും കോണ്‍ഗ്രസ് തയ്യാറല്ലെന്നും മുരളീധരന്. കപട ഭക്തന്മാരുടെ കൈയില്‍ ദേവസ്വം ബോര്‍ഡ് ഉള്ളതിന്റെ ദുരന്തമാണ് അയ്യപ്പന് അനുഭവിക്കുന്നതെന്നും കെ മുരളീധരന് ആരോപിച്ചു.
അയ്യപ്പ സംഗമം സ്പോണ്സര് ചെയ്തത് ആരൊക്കെയാണ്? കീഴ്ശാന്തിക്കാരനായ ഉണ്ണികൃഷ്ണന് പോറ്റി എങ്ങനെ സ്പോണ്‍സറായി മാറി? ദൈവത്തിന്റെ നാല് കിലോ കട്ട് കീശയിലാക്കുകയും ചെയ്തിട്ട് ഗൂഢാലോചന ഉന്നയിക്കുന്നുവെന്നും മുരളീധരന് ആരോപിച്ചു. തോല്‍ക്കുന്നത് വരെ സ്വപ്നം കാണാനുള്ള അവകാശം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഉണ്ടെന്നും സിപിഎം എട്ട് നിലയില്‍ പൊട്ടുമെന്നും മുരളീധരന് പറഞ്ഞു.
സ്വര്‍ണപാളി വിവാദത്തില്‍ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഗുരുതരമായ കൂടുതല്‍ കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്. സ്വര്‍ണം പൂശുന്നതിനും അന്നദാനത്തിന്റെ പേരിലും ഉണ്ണികൃഷ്ണന് പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തി. സ്വര്‍ണ പാളി ബെംഗളൂരൂവില്‍ കൊണ്ടുപോയതും പണപ്പിരിവിന്റെ ഭാഗമെന്നാണ് സംശയം.