
ശബരിമലയിലെ സ്വര്‍ണപാളികളുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സ്വര്‍ണപീഠവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ ഇന്ന് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അടങ്ങിയിട്ടുള്ളതായി കോടതി വ്യക്തമാക്കി.
സ്വര്‍ണപീഠം കണ്ടെത്തിയതില്‍ മാത്രമല്ല, ശബരിമലയിലുള്ള സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഒരു കണക്കുമില്ല എന്ന വിവരമാണ് വിജിലന്‍സ് എസ്പി കോടതിയെ അറിയിച്ചിരിക്കുന്നത്. തിരുവാഭരണം രജിസ്റ്ററിലാണ് ശബരിമലയിലെ സ്വര്‍ണം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ശബരിമലയിലെ സ്ട്രോങ്റൂം വിശദമായി പരിശോധിച്ചിരുന്നതായും വിജിലന്‍സ് എസ്പി.