
ദുബായ്: ഭാവി ഗതാഗത സംവിധാനങ്ങളിൽ മുന്നേറ്റ സ്ഥാനത്തുള്ള തങ്ങളുടെ പങ്ക് ദുബൈ ആവർത്തിച്ചുറപ്പിച്ച്, ഓട്ടോണമസ് മൊബിലിറ്റിയെക്കുറിച്ചുള്ള ലോകത്തെ ഏറ്റവും വമ്പൻ സംഗമത്തിന് ആതിഥേയത്വം വഹിക്കാൻ തയാറെടുപ്പുകൾ പൂർത്തിയാക്കുകയാണ്. ദുബൈ വേൾഡ് കോൺഗ്രസിന്റെയും ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ടിന്റെയും നാലാം പതിപ്പ് ഈ മാസം 24ന് ബുധനാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കും. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ദ്വിദിന പരിപാടി നടക്കുന്നത്.
ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) സംഘടിപ്പിക്കുന്ന ഈ പരിപാടി ‘റീഡിഫൈനിംഗ് മൊബിലിറ്റി…ദി പാത്ത് ടു ഓട്ടോണമി’ എന്ന പ്രമേയത്തിലാണ് നടക്കുക. കൂടാതെ, സ്വയം ഡ്രൈവിംഗ് സാങ്കേതിക വിദ്യ, നഗര മൊബിലിറ്റി, സുസ്ഥിര ഗതാഗത പരിഹാരങ്ങൾ എന്നിവയിലെ ഏറ്റവും പുതിയ പുരോഗതികൾ പ്രദർശിപ്പിക്കുകയും ചെയ്യും
വ്യവസായ പ്രമുഖർ, സർക്കാർ ഉദ്യോഗസ്ഥർ, ഗവേഷകർ, അത്യാധുനിക സാങ്കേതിക വിദ്യാ ഡെവലപർമാർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 3,000ത്തിലധികം പേർ കോൺഗ്രസിൽ പങ്കെടുക്കും