
അനുമതിയില്ലാതെ യുവതിയെ വീഡിയോയിൽ പകർത്തിയ യുവാവിന് 20,000 ദിർഹം നഷ്ടപരിഹാരവും 10,000 ദിർഹം പിഴയും വിധിച്ച് അബൂദബി സിവിൽ കുടുംബ കോടതി. എമറാത്ത് അൽ യൗം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുവതിയുടെ സ്വകാര്യത ലംഘിച്ചതിന് ക്രിമിനൽ കോടതി നേരത്തെ തന്നെ യുവാവ് കുറ്റക്കാരനെന്ന് കണ്ടെത്തി 10,000 ദിർഹം പിഴ വിധിച്ചിരുന്നു. മൊത്തത്തിൽ, പിഴയും നഷ്ടപരിഹാരവും 30,000 ദിർഹമായി.
കോടതി രേഖകൾ പ്രകാരം, യുവതി താൻ നേരിട്ട മാനഹാനിയും, ദുഖവും ചൂണ്ടിക്കാട്ടി ഒരു സിവിൽ കേസ് ഫയൽ ചെയ്തു. മുൻ ക്രിമിനൽ കോടതി വിധി സംഭവത്തിൽ യുവാവ് കുറ്റവാളിയാണെന്ന് വ്യക്തമാക്കുന്നതായി ജഡ്ജിമാർ ചൂണ്ടിക്കാട്ടി.
തുടർന്ന്, മറ്റുള്ളവർക്ക് ദോഷം വരുത്തുന്നവർ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് സിവിൽ നിയമം അനുശാസിക്കുന്നതിനാൽ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. യുവതിക്കുണ്ടായ മാനസിക സമ്മർദ്ദവും, അപകീർത്തിയും, സമൂഹത്തിൽ അപമാനം നേരിടേണ്ടി വന്നതും കോടതി എടുത്തുപറഞ്ഞു. നഷ്ടപരിഹാരത്തിന് പുറമേ, യുവാവിനോട് കോടതി ചെലവുകളും ഫീസും വഹിക്കാനും കോടതി ഉത്തരവിട്ടു.